09 May 2024 Thursday

500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈന്‍ വഴി മാത്രം', പുതിയ ഉത്തരവുമായി കെഎസ്ഇബി

ckmnews

തിരുവനന്തപുരം:  ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ ഡിജിറ്റൽ ഷോക്ക്. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ല. സമ്പൂര്‍ണ്ണ ‍ഡിജിറ്റൽ വല്‍ക്കരണത്തിന്‍റെ ഭാഗമായി ഉത്തരവ് അടുത്ത ബിൽ മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ പണവുമായി നേരിട്ട് വരുന്നവ‍‍ർക്ക് മൂന്ന് തവണ ഇളവ് നൽകുമെന്ന് പുതുക്കിയ ഉത്തരവിൽ ഡിസ്ട്രിബ്യൂഷൻ ഡയറക്ട‍ർ വ്യക്തമാക്കി.


രണ്ട് ദിവസം മുമ്പ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്‍ പിരിവ്  നിർബന്ധമായി ഡിജിറ്റലാക്കാനും 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ കൗണ്ടറുകളിൽ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്താനും നി‍ർദ്ദേശിച്ചിരുന്നു. എന്നാൽ പണവുമായി എത്തുന്നവർക്ക് കുറച്ച് തവണ ഇളവ് നൽകാമെന്നും പറഞ്ഞിരുന്നു. പിന്നാലെ ഈ ഇളവ് രണ്ട് - മൂന്ന് തവണ മാത്രമെന്ന് വ്യക്തമാക്കിക്കൊണ്ട്  ഇറക്കിയ പുതിയ ഉത്തരവിലാണ് 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ എന്നത് 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളെന്ന് മാറ്റിയത്.