09 May 2024 Thursday

ശബരിനാഥന്റെ ചാറ്റ് പുറത്തായതിൽ യൂത്ത് കോൺഗ്രസിൽ അമർഷം പുകയുന്നു: കേന്ദ്ര നേതൃത്വം ഇടപെട്ടേക്കും

ckmnews

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കണമെന്ന യൂത്ത് കോൺഗ്രസ് വാട്സ് അപ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായതിൽ സംഘടനയിൽ കടുത്ത അമർഷം. വൈസ് പ്രസിഡണ്ട്‌ ശബരിനാഥന്റെ അറസ്റ്റിലേക് വരെ കാര്യങ്ങൾ എത്തീയതോടെ ചോർച്ചയെ ഗൗരവമായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. അതേസമയം നേരത്തെയും സമാന ചോർച്ച ഉണ്ടായിട്ടും നടപടി എടുക്കാത്തതാണ് സംഭവം ആവർത്തിക്കാൻ കാരണമെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ അധ്യക്ഷന് കത്തയച്ചു. ചോർച്ചയിൽ ദേശീയ നേതൃത്വം അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട്.


ശബരിനാഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട സംഭവത്തിൽ സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം.നിയമസഭയിൽ അറസ്റ്റിനെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകാനാണ് നീക്കം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നാടകീയ അറസ്റ്റിനൊടുവിൽ പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി ശബരിക്ക് ജാമ്യം കിട്ടിയത് സർക്കാരിന് തിരിച്ചടിയാണ്. ജാമ്യം ലഭിച്ച ശബരീനാഥൻ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും.