26 April 2024 Friday

മില്‍മ നല്‍കിയ പണം കൈമാറി; കളക്ടറോട് പോലീസാകണമെന്ന ആഗ്രഹം പങ്കുവെച്ച് ഫായിസ്

ckmnews

മലപ്പുറം: കടലാസ്‌ പൂവുണ്ടാക്കിയ വീഡിയോയിലൂടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഫായിസ് തനിക്ക് മില്‍മയില്‍നിന്ന് ലഭിച്ച തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഇന്ന് രാവിലെ കളക്ടറേറ്റിലെത്തി ജില്ലാകളക്ടര്‍ കെ. ഗോപാലകൃഷ്ണന് തുക കൈമാറി. മലപ്പുറം കുഴിമണ്ണ കുഴിഞ്ഞൊളം പറക്കാട് സ്വദേശിയായ മുഹമ്മദ് ഫായിസിന്റെ വൈറലായ വാക്കുകള്‍ പരസ്യത്തില്‍ ഉപയോഗിച്ചതിനാണ് മില്‍മ പണം നല്‍കിയത്. മില്‍മ നല്‍കിയ പതിനായിരം രൂപയടക്കം 10313 രൂപയാണ് ഫായിസ് കളക്ടര്‍ക്ക് നല്‍കിയത്.

പരാജയത്തിലും  തളരരുതെന്ന ഒരു നല്ല സന്ദേശമാണ് ഫായിസ് തന്റെ വീഡിയോയിലൂടെ ലക്ഷകണക്കിന് ആളുകള്‍ക്ക് നല്‍കിയത്. 

കുഴിമണ്ണ ഇസ്സത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കുഴിഞ്ഞളം പാറക്കാട് സ്വദേശിയായ അബ്ദുള്‍ മുനീര്‍ സഖാഫിയുടെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് ഫായിസ് . 'ഇന്ന് കളക്ടറേറ്റില്‍ എത്തിയ ഫായിസിനൊപ്പം കുറച്ചു സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. ഒരു ചെറിയ സമ്മാനവും നല്‍കിയാണ് ഫായിസിനെ യാത്രയാക്കിയത്. മിടുക്കനാണ് ഫായിസ് , പോലീസ് ആകണം എന്നാണ് ആഗ്രഹം. ആഗ്രഹം സഫലീകരിക്കാന്‍ ഫായിസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.' കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു.