09 May 2024 Thursday

ഓണ്‍ലൈന്‍ റമ്മി: നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്ന് താരങ്ങള്‍ പിൻമാറണമെന്ന് ഗണേഷ് കുമാര്‍

ckmnews

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എഎ. രാജ്യ ദ്രോഹ പരസ്യത്തില്‍ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണമെന്ന് ഗണേഷ് കുമാര്‍  നിയമസഭയില്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.  

'ഓണ്‍ലൈന്‍ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളില്‍ ആദരണീയരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി,ലാല്‍ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം. ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളില്‍  നിന്നും ഈ മാന്യന്മാര്‍ പിന്‍മാറാന്‍ സംസ്‌കാരിക മന്ത്രി സഭയുടെ പേരില്‍ അഭ്യര്‍ത്ഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവര്‍- ഗണേഷ് കുമാര്‍ തുറന്നടിച്ചു. 

എന്നാല്‍ അവരുടെ എല്ലാം മനസ്സുകളിലാണ് ആദ്യം സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. നിയമംമൂലം നിരോധിക്കാവുന്നതല്ല ഇതെന്നും താരങ്ങളോടും സാംസ്കാരിക നായകരോടും ഒരു  അഭ്യര്‍ത്ഥന വേണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും നടത്താമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അടുത്തിടെ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍പ്പെട്ട് കേരളത്തിലടക്കം നിരവധി പേര്‍ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് ഗണേഷ് കുമാര്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്.