09 May 2024 Thursday

കേരളത്തിൽ മലബാർ ബ്രാന്റി വരുന്നു; ജവാൻ റം ഉൽപ്പാദനം വർധിപ്പിക്കും

ckmnews

വില കുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കേരള സർക്കാർ പുതിയ മദ്യബ്രാന്റ് ഇറക്കുന്നു. പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറിയിൽ നിന്ന് മലബാർ ബ്രാന്റി എന്ന പേരിലാണ് പുതിയ ബ്രാന്റ് ഇറക്കുന്നത്. പുതിയ എംഡി ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി അതിവേ​ഗത്തിൽ തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമേ ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്‍റെ ഉല്‍പ്പാദനം വർധിപ്പിക്കുകയും ചെയ്യും. 


6 മാസത്തിനുള്ളില്‍ ബ്രാന്റിയുടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇവിടെ നിന്ന് പരമാവധി ബ്രാന്റി ഉല്‍പാദിപ്പിക്കും. ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഒരു ലിറ്റർ ജവാൻ ഉത്പാദിപ്പിക്കുമ്പോൾ 3.5 രൂപയാണ് സർക്കാരിന് നഷ്ടം വരുന്നത്. ഇതിനാൽ ഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്. വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് തിരുവല്ല ട്രാവൻകൂർ ഷു​ഗർ മിൽസിൽ നിന്നുള്ള ജവാന്റെ ഉല്‍പ്പാദനം ഉയര്‍ത്താനും പുതിയ ബ്രാന്റ് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.