26 April 2024 Friday

കണ്ടയ്നറിൽ എത്തിച്ച ചത്ത കന്നുകളെ തോലുരിച്ച് വിൽക്കാൻ ശ്രമിച്ചു:പിടിവീണു സംഭവം തിരൂരിനടുത്ത്

ckmnews

കണ്ടയ്നറിൽ എത്തിച്ച ചത്ത കന്നുകളെ തോലുരിച്ച് വിൽക്കാൻ  ശ്രമിച്ചു:പിടിവീണു സംഭവം തിരൂരിനടുത്ത്


തിരൂർ:ഇതരസംസ്ഥാനത്തുനിന്ന് കണ്ടെയ്നർ ലോറിയിലെത്തിച്ച പോത്തുകളിൽ ചത്തതിനെ അറത്ത് മാംസമാക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.തിരൂരിൽ ആലത്തിയൂരിനും അലിങ്ങലിനും ഇടയിലാണ് വിവാദ സംഭവം. സ്വകാര്യ കണ്ടെയ്നറിൽ കൂട്ടത്തോടെയാണ് പ്രദേശത്തേക്ക് കന്നുകളെ എത്തിച്ചത്. ഒരു ഫാമിലേക്ക് ഹരിയാനയിൽനിന്നാണ് പോത്തുകളെയെത്തിച്ചത്.ലോറിയിലുണ്ടായിരുന്ന 26 പോത്തുകളിൽ മൂന്നെണ്ണം ചത്തിരുന്നു. ഇതിനെ കണ്ടെയ്നർ ലോറിയിലേക്കുതന്നെ കയറ്റി.ഇതെല്ലാം നാട്ടുകാർ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ കണ്ടെയ്നർ ലോറിയിലുണ്ടായിരുന്ന പോത്തുകളുടെ തൊലിയുരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ടു. തുടർന്ന് നാട്ടുകാർ തൃപ്രങ്ങോട് ആരോഗ്യവകുപ്പ് അധികൃതരെയും പഞ്ചായത്തിനെയും അറിയിച്ചു. തിരൂർ പോലീസും സംഭവസ്ഥലത്തെത്തി പ്രശ്നത്തിൽ ഇടപ്പെട്ടു.തുടർന്ന് നടത്തിയ പരിശോധനയിൽ പരാതിയിൽ കാര്യമുണ്ടെന്ന് ബോധ്യപ്പെട്ട പോലീസും ആരോഗ്യ വകുപ്പും തുടർ നടപടികളിലേക്ക് കടന്നു. 


മാംസം ഹോട്ടലുകൾക്ക് വിതരണം ചെയ്യാനാണ് ശ്രമമെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം ചത്തതിനെ സംസ്കരിക്കാൻ വേണ്ടിയാണ് കഷണങ്ങളാക്കിയതെന്ന് കൊണ്ടുവന്നവർ പറഞ്ഞു. ആരോഗ്യവകുപ്പ് ജീവനക്കാർ മാംസത്തിൽ ഡീസൽ ഒഴിച്ച് ഉടമയുടെ വീട്ടിൽ കൊണ്ടുപോയി സംസ്കരിക്കാൻ നിർദേശം നൽകി. ലോറിയിൽ ഉണ്ടായിരുന്നവരെ  പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.