09 May 2024 Thursday

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

ckmnews

സ്വര്‍ണത്തിന്റെ  ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. 5 ശതമാനമാണ് വര്‍ധന. ഇറക്കുമതി തീരുവ 7.5 ശതമാനത്തില്‍ നിന്നും ഇതോടെ 12.5 ശതമാനമായി ഉയര്‍ന്നു.

ഇറക്കുമതി തീരുവയ്ക്ക് പുറമെ മൂന്ന് ശതമാനം ജി എസ് ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നുണ്ട്.


സ്വര്‍ണത്തിന്റെ  ഇറക്കുമതി തീരുവ വര്ധിപ്പിച്ചതിനെ തുടര്‍ന്ന് 1 കിലോ സ്വര്‍ണത്തിന് 2.5 ലക്ഷം രൂപയില്‍ കൂടാന്‍ സാധ്യതയുണ്ട്. ഇതോടെ സ്വര്‍ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും എന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ അറിയിച്ചു. 12.5 ശതമാനം ഇറക്കുമതി തീരുവ, 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സര്‍ചാര്‍ജ് തുടങ്ങിയവ വരുമ്ബോള്‍ മൊത്തം തീരുവ വീണ്ടും വര്‍ധിക്കും.രാജ്യത്തുടനീളം വലിയ തോതില്‍ സ്വര്‍ണം കടത്തുന്നതായി കണ്ടെത്തിയ കസ്റ്റംസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിറകെ 2021 ല്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമാക്കിയാണ് കുറച്ചത്. 2019 ല്‍ ജൂലൈ 5 ന് അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇതിനെതിരെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ കുറച്ചത്.