09 May 2024 Thursday

പിന്നാക്ക വിഭാഗത്തിലെ കൂടുതൽ വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്ത് എത്തിക്കും : മന്ത്രി കെ. രാധാകൃഷ്ണന്‍

ckmnews

തിരുവനന്തപുരം: പിന്നാക്കവിഭാഗത്തിൽ  നിന്നുള്ള കൂടുതൽ വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക്  എത്തിക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും  ദേവസ്വം- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പിന്നാക്കവിഭാഗം  ആളുകളെ മുഖ്യധാരയിലേക്കെത്തിക്കാൻ  ആനുകൂല്യങ്ങൾ  നൽകിയതുകൊണ്ട് മാത്രം കാര്യമില്ല. മറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം കൂടി നൽകിയാലേ അത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടികവർഗക്കാരായ ബിരുദധാരികൾക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ വളർത്തി ലഭ്യമായ  അവസരങ്ങളെല്ലാം  ഉപയോഗപ്പെടുത്തണമെന്നും ഭാവി കേരളത്തിന്റെ വാഗ്ദാനങ്ങളായി  മാറണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഊന്നൽ നൽകി കുട്ടികൾക്ക് പുതിയ കോഴ്സുകൾ പഠിക്കാനും ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കാനും പരിശീലനം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും  മന്ത്രി കൂട്ടിച്ചേർത്തു.