09 May 2024 Thursday

എകെജി സെന്റർ ആക്രമണം: സുരക്ഷ വർധിപ്പിച്ചു

ckmnews

എകെജി സെന്റർ ആക്രമണം: സുരക്ഷ വർധിപ്പിച്ചു


തിരുവനന്തപുരം∙ എകെജി സെന്റർ ആക്രമണത്തിന് പിന്നാലെ നഗരത്തിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾക്കു മുന്നിൽ പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തി.  നിയമസഭാ–സെക്രട്ടേറിയറ്റ് മന്ദിരങ്ങളിലും കെപിസിസി ഓഫിസ് ഉൾപ്പെടെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകൾക്കു മുന്നിലും പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തി. 


നഗര പാതകളിൽ എല്ലായിടത്തും പൊലീസിനെ വിന്യസിച്ച് പരിശോധനയും ഊർജ്ജിതമാക്കി. എല്ലാ വാഹനങ്ങളും പൂർണമായി പരിശോധിച്ചതിനു ശേഷമാണ് വിട്ടയച്ചത്. അതിനിടെ, പാർട്ടി ഓഫിസിനു നേരെ നടന്ന ആക്രമണം കലാപത്തിനു നടത്തിയ നീക്കമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.


എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞത് വൻ പൊലീസ് വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. എകെജി സെന്ററിലെത്തിയ മുതിർന്ന സിപിഎം നേതാക്കളും ഇതേ സൂചനയാണ് നൽകിയത്. ആക്രമണം ആസൂത്രിതമാണ്. ഇത് മുൻ കൂട്ടി തിരിച്ചറിയാനും പ്രതിരോധിക്കാനും പൊലീസിനും ഇന്റലിജൻസിലും ആയില്ലെന്നും വിലയിരുത്തലുണ്ട്. സംഭവത്തിനു പിന്നാലെ എകെജി സെന്ററിന് സമീപത്തുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. സ്ഫോടകവസ്തു എറിഞ്ഞ ആൾ എത്തിയ ഇരുചക്ര വാഹനത്തിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ താമസിയാതെ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. ഡോഗ്, ബോംബ് സ്ക്വാഡുകളും സ്ഥല ത്തെത്തി പരിശോധന നടത്തി.