09 May 2024 Thursday

100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില്‍ വിജിലൻസ് പരിശോധന; ബാങ്ക് പ്രസിഡന്‍റിന്‍റെ മൊഴിയെടുത്തു

ckmnews

തിരുവനന്തപുരം: സഹകരണ വകുപ്പ് അന്വേഷണത്തില്‍ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ വിജിലൻസ് പരിശോധന. മെയിൻ ബ്രാഞ്ചായ തൂങ്ങാംപാറയിൽ ആയിരുന്നു വിജിലൻസ് സംഘത്തിന്‍റെ പരിശോധന. മറ്റ് ബ്രാഞ്ചുകളിലെ ജീവനക്കാരെ വിജിലൻസ് സംഘം വിളിച്ചുവരുത്തി. ബാങ്ക് പ്രസിഡന്‍റ് എൻ ഭാസുരാംഗന്‍റെ മൊഴിയെടുത്തു. വിജിലൻസ് തിരുവനന്തപുരം യൂണിറ്റാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന മൂന്ന് മണി വരെ നീണ്ടു. 


കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നിരവധി പേർക്ക് ബാങ്കില്‍ അനധികൃമായി നിയമനം നൽകിയതായും കണ്ടെത്തിയിരുന്നു. 25 കൊല്ലമായി പ്രസിഡന്‍റായി തുടരുന്ന ഭാസുരാംഗന്‍റെ അടുത്ത ബന്ധുക്കളും നിയമനം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. 15 വര്‍ഷത്തിനിടെ 22 കോടി രൂപ ജീവനക്കാര്‍ക്ക് അനര്‍ഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാന്‍ വിനിയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.