26 April 2024 Friday

സംസ്ഥാനത്ത് കോഴിമുട്ട വില വർദ്ധിക്കുന്നു

ckmnews

കൊച്ചി: സംസ്ഥാനത്ത്​ കോഴി മുട്ട വില കുതിക്കുന്നു. കൊച്ചിയിൽ ഒരു മുട്ടയുടെ റീട്ടെയിൽ വില ഏഴുരൂപ കടന്നു. മൊത്തവില 5.70 രൂപയാണ്​. 100 രൂപക്ക്​​ 30 മുട്ട കിട്ടിയിരുന്ന സ്ഥാനത്ത്​ 15 എണ്ണം പോലും കിട്ടാത്ത സാഹചര്യമാണ്​​. മേയിൽ മൊത്തവില മുട്ട ഒന്നിന്​ 3.60 രൂപവരെ എത്തിയിരുന്നു. ഒരു മാസം പിന്നിടുമ്പോൾ വില കുത്തനെ ഉയർന്ന്​ 5.70 രൂപയിൽ എത്തിയിരിക്കുകയാണ്​​.



ഉൽപാദനം കുറഞ്ഞതിനൊപ്പം ഉപഭോഗം കൂടിയതാണ്​ കാരണമെന്നാണ്​ മുട്ട വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്​. കോവിഡിനെ തുടർന്ന്​ രണ്ടു വർഷത്തിനുശേഷം സ്കൂൾ തുറന്നതോടെ മുട്ടക്ക്​​ ഡിമാൻഡ്​​ വർധിച്ചു. സ്​കൂളുകളിലെ ഭക്ഷണത്തിൽ മുട്ട നിർബന്ധമാക്കിയത്​ മറ്റൊരു കാരണമായി. സംസ്ഥാനത്ത്​ ട്രോളിങ്​​ നിരോധനം നിലവിൽവന്നതോടെ വീടുകളിലും മുട്ട ഉപയോഗം കൂടി. കേരളത്തിലേക്ക്​ മുട്ട പ്രധാനമായും എത്തുന്ന തമിഴ്​നാട്​ ​നാമക്കലിൽനിന്നാണ്​. അവിടെ എത്തുന്ന മുട്ടയുടെ എണ്ണത്തിലും വൻ കുറവുണ്ടായിട്ടുണ്ട്​. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക്​ വ്യാപകമായി കയറ്റി അയക്കുന്നതാണ്​ ദൗർലഭ്യത്തിന്​ ഒരു​ കാരണം​.


ജൂൺ ഒന്നിന്​ 4.80 രൂപയുണ്ടായിരുന്ന മുട്ടവില പത്താം തീയതി ആയപ്പോൾ 5.10 ആയി ഉയർന്നു. 24ന്​ 5.20​ലേക്ക്​ ഉയർന്നു. ഓരോ ദിവസം പിന്നിടുമ്പോഴും വില വർധിക്കുകയാണ്​. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വൻനഷ്ടം നേരിട്ടതോടെ കർഷകർ മുട്ട ഉൽപാദനം നിയന്ത്രിച്ചിരുന്നു.