09 May 2024 Thursday

മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്: മൂന്നാം പ്രതി പൊലീസ് സ്റ്റേഷനിൽ ഹാജരായി

ckmnews

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ മൂന്നാം പ്രതി സുജിത് നാരായണൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സുജിത്തിന് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ കോടതി സുജിത്തിനോട് നിർദേശിച്ചു. ഈ നിർദ്ദേശ പ്രകാരമാണ് സുജിത് നാരായണൻ വലിയതുറ പൊലീസ് സ്റ്റേഷനിൽ ഹാജരായത്.  സുജിത്തിന്റെ ഫോണിലാണ് പ്രതിഷേധ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും പൊലീസ് തെറ്റായി പ്രതിച്ചേർത്തതാണെന്നും സുജിത് നാരായണൻ കോടതിയെ അറിയിച്ചിരുന്നു. തിരുവനന്തപുരത് പോയത് വ്യക്തിപരമായ ആവശ്യത്തിനായിരുന്നെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു.


വധശ്രമക്കേസിൽ പൊലീസ് പ്രതി ചേർത്ത ഒന്നാം പ്രതി ഫർസീൻ മജീദിനും രണ്ടാം പ്രതി ആർ.കെ.നവീൻകുമാറിനും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതികള്‍ക്കുണ്ടായിരുന്നത് രാഷ്ട്രീയ വിരോധം മാത്രമാണെന്നും ആയുധവുമായല്ല വിമാനത്തിൽ കയറിയതെന്നും വിലയിരുത്തിയാണ് കോടതി മൂന്നുപേർക്കും ജാമ്യം അനുവദിച്ചത്.  ഈ സാഹചര്യത്തിൽ വധശ്രമവകുപ്പ് നിലനിൽക്കുമോയെന്ന് പൊലീസിന് ആശങ്കയുണ്ട്.  ഇത് മറികടക്കാൻ പ്രതികൾക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം. 10 ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് തിരിച്ചടിയല്ലെന്ന നിഗമനത്തിലാണ് പൊലീസ്.