26 April 2024 Friday

സ്വര്‍ണക്കട്ടിയെന്ന് പറഞ്ഞ് നല്‍കിയത് ഒരുകിലോ ചെമ്പുകട്ടി ചങ്ങരംകുളം സ്വദേശിയിൽ നിന്ന് 10 ലക്ഷം തട്ടിയെടുത്ത വിരുതൻ പിടിയിൽ

ckmnews

ഒറ്റപ്പാലം: സ്വർണക്കട്ടിയെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഒരുകിലോ ചെമ്പുകട്ടി നൽകി പത്തുലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ചങ്ങരംകുളം സ്വദേശിയുടെ പരാതിയിൽ മലപ്പുറം തിരുവാലി നടുവത്ത് വിളക്കത്തിൽ അബ്ദുൾ സലീമിനെ (39) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മൂന്നുപേർക്കുകൂടി പങ്കുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.


കഴിഞ്ഞ ഏപ്രിൽ എട്ടിന് വാണിയംകുളം കോതകുറിശ്ശി റോഡിലെ കന്നുകാലി ചന്തയ്ക്ക് സമീപത്തുവെച്ച് ചങ്ങരംകുളം സ്വദേശിയിൽനിന്ന് അബ്ദുൾ സലീം പണം വാങ്ങിയെന്നാണ് പോലീസിന് ലഭിച്ച വിവരം.


ഫോൺ മുഖാന്തരം പരിചയപ്പെട്ട ചങ്ങരംകുളം സ്വദേശിയോട് 10 ലക്ഷം രൂപ നൽകിയാൽ ഒരുകിലോ സ്വർണക്കട്ടി തരാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. നിധിയാണിതെന്നും അഞ്ചുലക്ഷം രൂപയോളം ലാഭമുണ്ടാക്കാമെന്നും പറഞ്ഞാണ് പറ്റിച്ചതെന്നും പോലീസ് പറയുന്നു.