26 April 2024 Friday

ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കടുപ്പിച്ച് പൊലീസ്: വ്യാപക പരിശോധന

ckmnews

കൊച്ചി വെണ്ണല വിദ്വേഷപ്രസംഗക്കേസില്‍ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നടപടി പൊലീസ് ഊർജിതമാക്കി. ഒളിവിൽപോയ ജോർജിനെ കണ്ടെത്താൻ കൂടുതൽ സ്ഥലങ്ങളിലേക്ക്  പരിശോധന വ്യാപിപ്പിക്കാനാണ് നീക്കം. ഇതിനിടെ ജാമ്യത്തിനായി ജോർജ് ഹൈക്കോടതിയെ സമീപിക്കാൻ നടപടി തുടങ്ങി.   

മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയതോടെയാണ് ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി തുടങ്ങിയത്. തിടുക്കപ്പെട്ട് അറസ്റ്റില്ലെന്ന് ആദ്യം പറഞ്ഞ പൊലീസ് പ്രതിപക്ഷം വിമർശനങ്ങളുമായി എത്തിയതോടെ ജോർജിനെ തേടിയിറങ്ങി. ശനിയാഴ്ച നാലരയോടെ  മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജോർജിൻ്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി. ഇതിന് മുൻപേ ജോർജ് വീട് വിട്ടിരുന്നു. ഉച്ചയ്ക്ക് ബന്ധുവിൻ്റെ കാറിലാണ് ജോർജ് വീട് വിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏതാനും സമയത്തിന് ശേഷം കാർ വീട്ടിൽ തിരിച്ചെത്തിയെങ്കിലും ജോർജ് ഉണ്ടായിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ചോഫ് ആയതിനാൽ ജോർജ് എവിടെയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാരണത്താലാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
വാഗമണിലും തിരുവനന്തപുരത്തും ഉൾപ്പെടെ പരിശോധന നടത്തും. ജോർജിൻ്റെ ബന്ധുവീടുകൾ കേന്ദ്രീകരിച്ചും പരിശോധനയുണ്ടാകും. ജോര്‍ജിന്റെ പ്രസംഗം മതസ്പര്‍ധ വളര്‍ത്താനും പ്രകോപനമുണ്ടാക്കാനും കാരണമാകുമെന്നാണ് കോടതി കണ്ടെത്തിയത്. പി.സിക്കെതിരെ 153 എ 295 ബി വകുപ്പുകള്‍ നിലനില്‍ക്കുമെന്നും കോടതി ഉത്തരവിലുണ്ട്.  ഹൈക്കോടതിയുടെ തീരുമാനം വരുന്നതുവരെ ജോർജ് രഹസ്യ സങ്കേതത്തിൽ തുടരാനാണ് സാധ്യത.