26 April 2024 Friday

ഞായറാഴ്ച ഉച്ചയ്ക്കു 3 മുതൽ സാംപിൾ വെടിക്കെട്ടു തീരുന്നതു വരെ സ്വരാജ് റൗണ്ടിൽ ഗതാഗത നിരോധനം

ckmnews

ഞായറാഴ്ച ഉച്ചയ്ക്കു 3 മുതൽ സാംപിൾ വെടിക്കെട്ടു തീരുന്നതു വരെ സ്വരാജ് റൗണ്ടിൽ ഗതാഗത നിരോധനം


കുന്നംകുളം ദിശയിൽ നിന്നെത്തുന്ന ബസുകൾ പടിഞ്ഞാറേക്കോട്ടയിൽ സർവീസ് നിർത്തി അയ്യന്തോൾ വഴി മടങ്ങണം.


തൃശൂർ ∙ സാംപിൾ വെടിക്കെട്ട് അടുത്തുനിന്നു കാണാമെന്ന ആശ നടപ്പാകില്ല. സാംപിൾ വെടിക്കെട്ടു നടക്കുന്ന സമയത്തു സ്വരാജ് റൗണ്ടിൽ നിയന്ത്രിത പ്രവേശനം മാത്രം അനുവദിക്കാനാണു പൊലീസ് തീരുമാനം. നെഹ്റു പാർക്കിന്റെ മുൻഭാഗം മുതൽ ഇന്ത്യൻ കോഫി ഹൗസിന്റെ മുൻഭാഗം വരെയുള്ള മേഖലയിൽ മാത്രമേ സ്വരാജ് റൗണ്ടിൽ കാണികളെ നിർത്താൻ അനുവദിക്കൂ.


മറ്റു ഭാഗങ്ങളിൽ സ്വരാജ് റൗണ്ടിലേക്കു പ്രവേശിക്കാനുള്ള റോഡുകളിൽ കാണികൾക്കു നിൽക്കാം. ഫയർലൈനിൽ നിന്ന് 100 മീറ്റർ അകലം നിർബന്ധമാക്കിയതാണു നിയന്ത്രണത്തിനു കാരണം. സാംപിൾ ദിവസം പൊലീസിന്റെ മറ്റു നിയന്ത്രണങ്ങൾ ഇങ്ങനെ:


∙ സാംപിൾ വെടിക്കെട്ട് നടക്കുന്ന ഞായറാഴ്ച ദിവസം രാവിലെ മുതൽ െവടിക്കെട്ട് കഴിയുന്നതു വരെ സ്വരാജ് റൗണ്ടിലോ തേക്കിൻകാട് മൈതാനത്തോ പാർക്കിങ് അനുവദിക്കില്ല. 


∙ ഞായറാഴ്ച ഉച്ചയ്ക്കു 3 മുതൽ സാംപിൾ വെടിക്കെട്ടു തീരുന്നതു വരെ സ്വരാജ് റൗണ്ടിൽ ഗതാഗത നിരോധനം. 


∙ സാംപിൾ വെടിക്കെട്ട് കാണാനെത്തുന്നവർ പാർക്കിങ് അനുവദിച്ചിട്ടുള്ള ഭാഗങ്ങളിൽ മാത്രമേ വാഹനം നിർത്തിയ‍ിടാവൂ. റോഡരികിൽ പാർക്കിങ് വിലക്കിയിട്ടുണ്ട്. 


∙ ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി 2 എസിപിമാരുടെ കീഴിൽ 8 സെക്ടറുകളായി നഗരത്തെ തിരിച്ച് പൊലീസ് വിന്യാസം. 


∙ മോഷണം തടയാനും സാമൂഹികവിരുദ്ധരെ പിടികൂടാനുമായി മഫ്തി പൊലീസ്, സിസിടിവി സംവിധാനം ഏർപ്പെടുത്തി. 


∙ അഭ്യൂഹങ്ങൾ തടയാനും കൃത്യമായ അറിയിപ്പ് നൽകാനും പബ്ലിക് അഡ്രസ് സിസ്റ്റം തയ്യാറാക്കി. 


∙ അത്യാഹിതങ്ങളുണ്ടായാൽ ജനത്തെ ഒഴിപ്പിക്കാനുള്ള എമർജൻസി റൂട്ടായി  ചെമ്പോട്ടിൽ ലൈൻ (രാഗം തിയറ്ററിനു സമീപം) നിശ്ചയിച്ചു. 


∙ വെടിക്കെട്ട് നടക്കുന്ന ദിവസങ്ങളിൽ സ്വരാജ് റൗണ്ടിലെ പെട്രോൾ ബങ്കുകളിൽ നിന്നു സ്റ്റോക്ക് ഒഴിവാക്കും. 


ഗതാഗത നിയന്ത്രണം കർശനം


∙ പാലക്കാടു ഭാഗത്തു നിന്നുള്ള ബസുകൾ ഇക്കണ്ട വാരിയർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. 


∙ മണ്ണുത്തി ഭാഗത്തു നിന്നുള്ള ബസുകൾ ബിഷപ് പാലസ് വഴി വടക്കേ സ്റ്റാൻഡിൽ എത്തണം. 


∙ ഷൊർണൂർ റോഡിലൂടെ എത്തുന്ന ബസുകൾ വടക്കേ സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കണം. 


∙ കുന്നംകുളം ദിശയിൽ നിന്നെത്തുന്ന ബസുകൾ പടിഞ്ഞാറേക്കോട്ടയിൽ സർവീസ് നിർത്തി അയ്യന്തോൾ വഴി മടങ്ങണം. 


∙ കാഞ്ഞാണി വഴിയുള്ള ബസുകളും പടിഞ്ഞാറേക്കോട്ടയിൽ സർവീസ് നിർത്തണം. 


∙ ചേർപ്പ് വഴിയുള്ള ബസുകൾ ബാല്യ ജംക്‌ഷൻ വഴി ശക്തനിലെത്തണം. 


∙ ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ ചിയ്യാരം വഴി പോകണം. കുന്നംകുളം ദിശയിൽ നിന്നുള്ളവ ശങ്കരയ്യ റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡിലെത്തണം. ഓർഡിനറി ബസുകളെല്ലാം ശക്തിനിൽ ഓട്ടം നിർത്തണം.