26 April 2024 Friday

വിജയ് ബാബുവിനെതിരെ ‘അമ്മ’യുടെ നടപടി നാളെ; രാജി ആവശ്യപ്പെട്ടേക്കും

ckmnews

വിജയ് ബാബുവിനെതിരെ ‘അമ്മ’യുടെ നടപടി നാളെ; രാജി ആവശ്യപ്പെട്ടേക്കും


കൊച്ചി∙ നടനും നിര്‍മാതാവുമായ വിജയ് ബാബു ലൈംഗികമായി പീഡിപ്പിച്ചെന്ന പുതുമുഖ നടിയുടെ പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനായി താരസംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നാളെ യോഗം ചേരും. വിജയ് ബാബുവിനോട് രാജി ആവശ്യപ്പെട്ടേക്കും എന്നാണ് വിവരം. വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര പരാതി പരിഹാര സമിതി എക്സിക്യൂട്ടീവ് കമ്മിറ്റിക്കു ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. അമ്മയുടെ നിയമാവലി ഭേതഗതി ചെയ്ത ശേഷമുള്ള ആദ്യ സംഭവമാണ് എന്നതും ശ്രദ്ധേയമാണ്.


സമിതിയുടെ ശുപാര്‍ശ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു കൈമാറിയതായി അധ്യക്ഷ ശ്വേത മേനോന്‍ വെളിപ്പെടുത്തി. എന്നാല്‍ ശുപാര്‍ശ എന്താണെന്നുള്ളതു വെളിപ്പെടുത്താന്‍ തയാറായില്ല. നടി പരാതി നല്‍കിയതിനു പിന്നാലെ 27നു തന്നെ ആഭ്യന്തര പ്രശ്നപരിഹാര സമിതി അടിയന്തരമായി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നിരുന്നു.



തുടര്‍ന്നു മൂന്നു തവണ കൂടി യോഗം കൂടിയ ശേഷമാണ് ഇന്ന് അന്തിമ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നാളെ വൈകിട്ട് ആറുമണിക്കു കൊച്ചിയില്‍ ചേരുന്ന കമ്മിറ്റിക്കു ശേഷം തീരുമാനം അറിയിക്കും എന്ന് അവര്‍ പറഞ്ഞു.

പീഡനക്കേസില്‍ സിനിമാ താരങ്ങളില്‍നിന്ന് ഇതുവരെയും പ്രതികരണം ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം വിവിധ കോണുകളില്‍നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണ് തിടുക്കപ്പെട്ടുള്ള യോഗം. അമ്മ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു.