26 April 2024 Friday

തിരുവനന്തപുരത്ത് വയോധിക കിടപ്പുമുറിയിൽ മരിച്ചനിലയിൽ; ഭർത്താവ് ഷോക്കേറ്റനിലയിൽ ശൗചാലയത്തിലും

ckmnews

തിരുവനന്തപുരം: വീടിനുള്ളിൽ വയോധികയെ മരിച്ചനിലയിലും ഭർത്താവിനെ ഷോക്കേറ്റ് അവശനായനിലയിലും കണ്ടെത്തി. പാപ്പനംകോട് വിശ്വംഭരം റോഡിൽ താമസിക്കുന്ന ഗിരിജാകുമാരിയെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് സദാശിവൻ നായർ ശൗചാലയത്തിൽ ഷോക്കേറ്റ് കിടക്കുകയായിരുന്നു. അവശനായിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വ്യാഴാഴ്ച ഉച്ചയോടെ ദമ്പതിമാരുടെ മകൻ വീട്ടിൽ എത്തിയപ്പോഴാണ് ഗിരിജാകുമാരിയെ മരിച്ചനിലയിൽ കണ്ടത്. മകൻ വീട്ടിൽ എത്തിയപ്പോൾ വാതിൽ പൂട്ടിയനിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് ഗിരിജാകുമാരിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. കട്ടിലിൽ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം.


മുറിയിലെ ശൗചാലയത്തിലാണ് സദാശിവൻനായരെ ഷോക്കേറ്റ് അവശനായനിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. ഇദ്ദേഹം സ്വയം വൈദ്യുതാഘാതം ഏൽപ്പിച്ചതാണെന്നും പോലീസ് കരുതുന്നു. സംഭവത്തിൽ നേമം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഗിരിജാകുമാരി എങ്ങനെയാണ് മരിച്ചതെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. ഇക്കാര്യങ്ങളടക്കം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 20 വർഷമായി സദാശിവൻ നായരും കിടപ്പുരോഗിയായ ഗിരിജാകുമാരിയും മാത്രമാണ് വിശ്വംഭരം റോഡിലെ വീട്ടിൽ താമസം.