27 April 2024 Saturday

ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍; ബൈക്ക് ഉടമകളെ തിരിച്ചറിഞ്ഞു

ckmnews

ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍; ബൈക്ക് ഉടമകളെ തിരിച്ചറിഞ്ഞു


പാലക്കാട് ∙ ജില്ലയിലെ രണ്ട് അരുംകൊലകളിലെ അന്വേഷണങ്ങളില്‍ നിര്‍ണായക വഴിത്തിരിവ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെത്തിയ ബൈക്കിന്‍റെ ഉടമകളെ തിരിച്ചറിഞ്ഞു. മൂന്ന് ബൈക്കുകളിലായെത്തിയ ആറു പേരെക്കുറിച്ചുള്ള സൂചനയും പൊലീസ് ലഭിച്ചു.സിസിടിവി ദൃശ്യങ്ങളും ഇരുചക്ര വാഹനത്തിന്റെ നമ്പരും പിന്തുടര്‍ന്നാണ് പ്രതികളിലേക്കെത്തിയത്. തീവ്ര രാഷ്ട്രീയ സംഘടനയില്‍ ഭാരവാഹിത്വമുള്ളവരും നഗരപരിധിയില്‍ ഉള്‍പ്പെടുന്നവരും സംഘത്തിലുണ്ടെന്നാണു നിഗമനം. ശ്രീനിവാസന്റെ മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. വിലാപയാത്രയും പൊതുദര്‍ശനവും കഴിഞ്ഞു സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ നിര്‍ണായക പ്രതിയെന്നു സംശയിക്കുന്ന രമേശിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികളെത്തിയ രണ്ടു കാറുകളില്‍ ഒന്ന് വാടകയ്ക്കെടുത്തതു രമേശാണ്. സുബൈര്‍ വധക്കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്.സംഘർഷ സാധ്യത കണക്കിലെടുത്തു ജില്ലയിലെ അൻപതോളം എസ്ഡിപിഐ, ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു കരുതൽ തടങ്കലിലാക്കി. കനത്ത പൊലീസ് വലയത്തിലായ ജില്ലയിൽ 20ന് വൈകിട്ട് ആറു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തരമേഖല ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ നിലവിലെ അന്വേഷണ പുരോഗതിയും സുരക്ഷയും വിലയിരുത്തി.