09 May 2024 Thursday

യാത്രക്കൂലി വർധന അശാസ്ത്രീയം, പുനഃപരിശോധിക്കണമെന്ന് ഐ.എൻ.ടി.യു.സി

ckmnews

സംസ്ഥാനത്തെ ഓട്ടോ-ടാക്സി നിരക്ക് വർധന അശാസ്ത്രീയമെന്ന് ഐഎൻടിയുസി. ഓട്ടോ ചാർജ് 30 രൂപയാക്കി ഉയർത്തിയെങ്കിലും ദൂരപരിമിധി വർധിപ്പിച്ചത് പ്രയോജനം ചെയ്യില്ല. ഇതുവഴി കൂടുതൽ നഷ്ടം സംഭവിക്കുമെന്നും തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു.


പുതുക്കിയ നിരക്ക് പ്രകാരം കിലോമീറ്ററിന് 1.65 രൂപയുടെ നഷ്ടം തൊഴിലാളികൾക്ക് ഉണ്ടാകും. ഇത് അംഗീകരിക്കാൻ കഴിയില്ല. യാത്രക്കൂലി വർധന തൊഴിലാളികൾ തള്ളിക്കളയുകയാണെന്നും മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി അറിയിച്ചു. നിരക്ക് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായി മന്ത്രിക്ക് നിവേദനം നൽകി.


ഓട്ടോ ടാക്സിയെ സംബന്ധിച്ച് മിനിമം ചാര്‍ജ് ഒന്നര കിലോ മീറ്ററിന് 25 രൂപയായിരുന്നു. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 12 രൂപയാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്ക് അനുസരിച്ച് മിനിമം ചാര്‍ജ് രണ്ട് കിലോ മീറ്റര്‍ വരെ 30 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 15 രൂപയും ഈടാക്കാവുന്നതാണ്.