09 May 2024 Thursday

ഇന്ധനവില ഉയരുന്നു:പെട്രോളിന് ഇന്നും കൂടി ഡീസൽ വിലയും 100 കടന്നു

ckmnews

ഇന്ധനവില ഉയരുന്നു:പെട്രോളിന് ഇന്നും കൂടി ഡീസൽ വിലയും 100 കടന്നു


രാജ്യത്ത് ഇന്ധനവിലക്കയറ്റം രൂക്ഷമാകുന്നു. ഒരിടവേളയ്ക്കു ശേഷം ഡീസല്‍ ലിറ്ററിന് വീണ്ടും 100 രൂപ കടന്നു. ഇന്നു പെട്രോള്‍ ലിറ്ററിന് 87 പൈസയും, ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്. വിലക്കയറ്റത്തിന്റെ പ്രതിഫലനങ്ങള്‍ വിപണികളില്‍ പ്രകടമായി തുടങ്ങി. ആദ്യഘട്ടമൊന്നോണം പച്ചക്കറി, പലചരക്ക് വിലകളിലാണ് നേരിയ വര്‍ധന പ്രകടമാകുന്നത്. 11 ദിവസംകൊണ്ട് പെട്രോള്‍ ലിറ്ററിന് 6.98 രൂപയും, ഡീസല്‍ ലിറ്ററിന് 6.74 രൂപയുമാണ് വര്‍ധിച്ചത്. 137 ദിവസത്തോളം സ്ഥിരമായി നിന്ന ഇന്ധനവിലയാണ് കുതിപ്പ് തുടങ്ങിയിരിക്കുന്നത്. രാജ്യാന്തര എണ്ണവിലയിലും, ഡോളര്‍- രൂപ വിനിമയ നിരക്കിലും ആശ്വാസമുണ്ടെങ്കിലും പ്രതിദിന വര്‍ധന സമീപഭാവിയില്‍ തുടരുമെന്നാണു റിപ്പോര്‍ട്ട്. ദേശീയ പണിമുടക്ക് ദിവസങ്ങളിലും ഇന്ധനവില വര്‍ധന കമ്പനികള്‍ തുടര്‍ന്നിരുന്നു.

അതേസമയം പ്രതിദിന വര്‍ധന കൊണ്ട് നഷ്ടം നികത്താന്‍ സാധിക്കില്ലെന്ന വാദമാണ് കമ്പനികള്‍ ഉയര്‍ത്തുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പിനു ശേഷം പെട്ടെന്നൊരു വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് കമ്പനികള്‍ പ്രതിദിധ വര്‍ധനയ്ക്കു തുടക്കമിട്ടത്. നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന് 15- 20 രൂപയെങ്കിലും വര്‍ധിക്കുന്നതു വരെ വിലവര്‍ധന തുടരുമെന്നാണു വിദഗ്ധരുടെ വലയിരുത്തല്‍

റിപ്പോര്‍ട്ടുകളും അടുത്തവൃത്തങ്ങളും വില വര്‍ധന തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. ഇന്ധനവില കുതിക്കാന്‍ തുടങ്ങിയതോടെ അടുത്ത പണപ്പെരുപ്പ റിപ്പോര്‍ട്ടുകളും, ധനനയവും നിര്‍ണായകമാകുകയാണ്. ഇക്കഴിഞ്ഞ 22ന് ഇന്ധന വിലയ്‌ക്കൊപ്പം പാചകവാതകവിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും അഞ്ചു കിലോയുടെ കുട്ടി സിലിണ്ടറിന് 13 രൂപയുമാണു കൂട്ടിയത്. ഇതോടെ പലിയിടങ്ങളിലും ഗാര്‍ഹിക സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ 1,000 രൂപയ്ക്കു മുകളില്‍ നല്‍കേണ്ട ഗതികേടിലാണ് ജനങ്ങള്‍. നിലവിലെ വാങ്ങലുകള്‍ക്ക് സബ്‌സിഡിയില്ലെന്നതും തിരിച്ചടിയാണ്.


ന്യൂഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.65 രൂപയാണ് പുതുക്കിയ വില. ഡീസല്‍ ലിറ്ററിന് 93.24 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 116.82 രൂപയും ഡീസല്‍ ലിറ്ററിന് 100.92 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 113.24 രൂപയും ഡീസല്‍ ലിറ്ററിന് 100.14 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 111.28 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 98.29 രൂപയാണ് വില. കോഴിക്കോട് ഓഗസ്റ്റ് അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 111.52 രൂപയും ഡീസലിന് 98.54 രൂപയുമാണ് വില.


രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായി. ബാരലിന് 109.00 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഇത് 110.87 ആയിരുന്നു. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നു വ്യക്തമാക്കിയെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധനവില കുതിച്ചിരുന്നു. അതേസമയം ഡോളറിനെതിരേ രൂപ നഷ്ടം കാഴ്ചവച്ചു. നിലവില്‍ ഡോളറിനെതിരേ 75.81 എന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയം. ഇന്നലെ ഇത് 75.69 രൂപയായിരുന്നു. ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞു.