09 May 2024 Thursday

ബസ് യാത്രാനിരക്ക് കൂട്ടി, മിനിമം ചാർജ് 10 രൂപ:ഓട്ടോറിക്ഷ, ടാക്സി നിരക്കും കൂട്ടി

ckmnews

ബസ് യാത്രാനിരക്ക് കൂട്ടി, മിനിമം ചാർജ് 10 രൂപ:ഓട്ടോറിക്ഷ, ടാക്സി നിരക്കും കൂട്ടി


തിരുവനന്തപുരം:സംസ്ഥാനത്ത് മിനിമം ബസ് ചാർജ് എട്ടു രൂപയിൽനിന്ന് 10 രൂപയാക്കാൻ സർക്കാർ തീരുമാനം. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം തള്ളി. മിനിമം ചാർജ് ദൂരത്തിനുശേഷം ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം ഈടാക്കും. വിദ്യാർഥികളുടെ കണ്‍സഷന്‍ നിരക്ക് വർധിപ്പിക്കുന്നതു പുനഃപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. നിരക്ക് ഉയർത്തണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.


സംസ്ഥാനത്തെ ഓട്ടോറിക്ഷ/ടാക്സി നിരക്കു വർധിപ്പിക്കാനും തീരുമാനമായി. ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ് 30 രൂപയാക്കി. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം. 1500 സിസിയിൽ താഴെയുള്ള ടാക്സികൾക്കു മിനിമം ചാർജ് 200 രൂപയാക്കി. 1500 സിസിയിൽ മുകളിലുള്ള ടാക്സികൾക്ക് അഞ്ച് കിലോമീറ്റർ വരെ 225 രൂപയാണു മിനിമം ചാർജ്. പിന്നീട് ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. വെയ‌്റ്റിങ് ചാർജിൽ മാറ്റമില്ല.


സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ ബുധനാഴ്ച വൈകിട്ടു ചേർന്ന എൽഡിഎഫ് യോഗം അനുമതി നൽകിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.