09 May 2024 Thursday

നേന്ത്രക്കായക്ക് വില കുതിക്കുന്നു; വിലക്കയറ്റം ക്ഷാമം മൂലമെന്ന് വ്യാപാരികള്‍

ckmnews

കല്‍പ്പറ്റ: കഴിഞ്ഞ വര്‍ഷം വിലയില്ലാതെ ആര്‍ക്കും വേണ്ടാതെ കിടന്ന നേന്ത്രക്കായയുടെ വില ഇത്തണ കുതിച്ചുയരുകയാണ്. നീണ്ട ഇടവേളക്ക് ശേഷമാണ് ഏത്തപ്പഴത്തിനും പച്ചക്കായക്കും വില ഉയരുന്നത്. വിലവര്‍ധിക്കുന്നത് വയനാട്ടില്‍ ആശ്വാസം പകരുന്ന കാര്യമാണെങ്കിലും പലരും കൃഷി നിര്‍ത്തിയത് തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ 45 രൂപയാണ് നേന്ത്രക്കായയുടെ വിപണിവില. 20 ദിവസത്തിനുള്ളിലാണ് വില കുതിച്ചുയരാന്‍ തുടങ്ങിയത്. ഇതേ സ്ഥിതി തുടര്‍ന്നാല്‍ വില 50 രൂപയ്ക്ക് മുകളിലെത്താന്‍ അധികനാള്‍ കാത്തിരിക്കേണ്ടതില്ലെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. 

വിഷുവിനോട് അനുബന്ധിച്ച് നേന്ത്രക്കായയ്ക്ക് ആവശ്യക്കാരേറും. ഇതോടെ വീണ്ടും വില വര്‍ധിക്കാനാണ് സാധ്യത. ഉത്പാദനം കുറഞ്ഞതോടെ നേന്ത്രക്കായ വിപണിയിലെത്തിക്കാനുള്ള ഓട്ടത്തിലാണ് മൊത്തവ്യാപാരികള്‍. വില കുതിച്ചുയരുമ്പോഴും ആവശ്യത്തിനുപോലും നേന്ത്രക്കായ കിട്ടാനില്ല എന്നതാണ് അവസ്ഥ. മറ്റുജില്ലകളില്‍നിന്ന് ലോഡ് എത്തിക്കാന്‍ ആവശ്യപ്പെട്ട് ധാരാളം വിളികളാണ് വയനാട്ടിലെ മൊത്ത വ്യാപാരികള്‍ക്ക് എത്തുന്നത്. ജില്ലയില്‍ തന്നെ ചില്ലറവില്‍പ്പനക്ക് നേന്ത്രക്കായ തികയുന്നില്ലെന്ന കാര്യവും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.