27 April 2024 Saturday

രൺജീത്, ഷാൻ വധക്കേസുകൾ, ഒരേ ദിവസം കുറ്റപത്രം

ckmnews

രൺജീത്, ഷാൻ വധക്കേസുകൾ, ഒരേ ദിവസം കുറ്റപത്രം


ആലപ്പുഴ:ബിജെപി നേതാവ് രൺജീത് ശ്രീനിവാസ്, എസ്ഡിപിഐ നേതാവ് കെ.എസ്.ഷാൻ എന്നിവർ കൊല്ലപ്പെട്ട കേസുകളിലെ കുറ്റപത്രങ്ങൾ ഒരേ ദിവസം കോടതിയിൽ സമർപ്പിച്ചു. ഷാൻ കഴിഞ്ഞ ഡിസംബർ 18നു രാത്രി മണ്ണഞ്ചേരിയിലും രൺജീത് 19നു രാവിലെ ആലപ്പുഴ നഗരത്തിലെ വീട്ടിലുമാണു കൊല്ലപ്പെട്ടത്. സംഭവങ്ങൾ നടന്ന് 86 ദിവസമായപ്പോഴാണു കുറ്റപത്രം നൽകിയത്. രൺജീത് വധക്കേസിലെ കുറ്റപത്രം ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിലും ഷാൻ കേസിന്റെ കുറ്റപത്രം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി രണ്ടിലുമാണു നൽകിയത്.


രണ്ടു കേസുകളിലും പ്രധാന പ്രതികളുടെ പേരിലുള്ള കുറ്റപത്രങ്ങളാണ് ഇപ്പോൾ നൽകിയത്. രണ്ടാം ഘട്ട കുറ്റപത്രം വൈകാതെ സമർപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് പറഞ്ഞു. രൺജീത്തിന്റെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 12 പ്രതികളുടെ പേരുകൾ പൊലീസ് ആദ്യമായി വെളിപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇതുവരെ പേരുകൾ പുറത്തുവിട്ടിരുന്നില്ല.ആകെ 21 പ്രതികളുള്ള ഷാൻ വധക്കേസിൽ 11 പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണു നൽകിയത്. 483 പേജുണ്ട്. കേസിൽ 143 സാക്ഷികളുണ്ട്.


മുന്നൂറിലേറെ രേഖകളും ഹാജരാക്കി. രൺജീത് വധക്കേസിൽ ആകെ 35 പ്രതികളുണ്ട്. ഇതിൽ 15 പേർക്കെതിരായ കുറ്റപത്രമാണ് ഇപ്പോൾ നൽകിയത്. 890 പേജുകളുണ്ട്. കേസിൽ 190 സാക്ഷികളാണുള്ളത്. തൊണ്ടികൾ ഉൾപ്പെടെ ഇരുനൂറോളം രേഖകളും ഹാജരാക്കി. രണ്ടു കൊലപാതകങ്ങളും രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഷാൻ വധക്കേസ് പ്രതികളെല്ലാം ആർഎസ്എസ് പ്രവർത്തകരാണെന്നും രൺജീത് വധക്കേസ് പ്രതികൾ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും പൊലീസ് പറഞ്ഞു.


ഷാനിനെ ആക്രമിക്കാൻ നേരത്തേ തയാറെടുപ്പും ഗൂഢാലോചനയും ഉണ്ടായിരുന്നു. വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണയെ എസ്ഡിപിഐ പ്രവർത്തകർ


കൊലപ്പെടുത്തിയതിന്റെയും 2011ൽ മണ്ണഞ്ചേരിയിൽ ബിറ്റു, മഹേഷ് എന്നിവരെ വെട്ടിയതിന്റെയും പ്രതികാരമായാണ് ഷാനിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.ഷാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് രൺജീത്തിനെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കേസുകളിലും പ്രോസിക്യൂട്ടർമാരെ നിയമിച്ച് ഉത്തരവായിട്ടില്ല.ഷാൻ വധക്കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.ബെന്നിയുടെയും രൺജീത് വധക്കേസ് ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ.ജയരാജിന്റെയും നേതൃത്വത്തിലാണ് അന്വേഷിച്ചത്.


പ്രതികാര രാഷ്ട്രീയം ആയുധമെടുത്തപ്പോൾ രണ്ടു ജീവനുകൾ നഷ്ടമായ കേസുകൾ ഇനി കോടതി നടപടികളിലേക്ക്. 90 ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക എന്ന ദൗത്യം പൊലീസ് പൂർത്തിയാക്കി. എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനും പിന്നാലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടത് സംസ്ഥാനത്തിനു തന്നെ ഞെട്ടലുണ്ടാക്കിയിരുന്നു. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഷാനിനെ വണ്ടിയിടിച്ചു വീഴ്ത്തി വെട്ടിക്കൊന്നതെന്നാണ് പൊലീസിന്റെ നിഗമനം.


ഷാനിന്റെ മരണത്തിനു പ്രതികാരമായി പിറ്റേന്ന് രൺജീത്തിനെ വീട്ടിൽക്കയറിയ സംഘം വെട്ടിക്കൊന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 18നു രാത്രി എട്ടോടെ മണ്ണഞ്ചേരി കുപ്പേഴം ജംക്‌ഷനിലാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ (38) കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന പൊന്നാട് അൽഷാ ഹൗസിൽ ഷാനിനെ പിന്നിൽനിന്നു കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. കൈകൾക്കും തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ ഷാന്‍ പതിനൊന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.


ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പിറ്റേന്നു രാവിലെ ആറരയോടെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസിനെ (45) അക്രമികൾ അമ്മയുടെയും ഭാര്യയുടെയും മുന്നിൽ വെട്ടിക്കൊല്ലുകയായിരുന്നു. 6 ഇരുചക്രവാഹനങ്ങളിലായി 12 അക്രമികളാണ് എത്തിയത്. ഇവർ പോകുന്ന ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞു. ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു.രണ്ടു കേസിലും മിക്ക പ്രതികളെയും പിടികൂടിയിട്ടുണ്ട്.



കോമളപുരം സ്വദേശി നൈസാമാണ് ഒന്നാം പ്രതി. മറ്റു പ്രതികൾ: മണ്ണഞ്ചേരി സ്വദേശി അജ്മൽ‍, വട്ടയാൽ സ്വദേശി അനൂബ്, ആര്യാട് തെക്ക് സ്വദേശി മുഹമ്മദ് അസ്‌ലം, പൊന്നാട് സ്വദേശി അബ്ദുൽ കലാം (സലാം), മണ്ണ‍ഞ്ചേരി സ്വദേശി അബ്ദുൽ കലാം, മുല്ലാത്ത് സ്വദേശി സഫറുദീൻ സലിം, മണ്ണഞ്ചേരി സ്വദേശി മൻഷാദ്, ഇരവുകാട് സ്വദേശി ജസീബ്, കല്ലുപാലം സ്വദേശി നവാസ്, അവലൂക്കുന്ന് സ്വദേശി ഷമീർ, ആര്യാട് വടക്ക് സ്വദേശി നസീർ.ഇവരാണ് രഞ്ജീത്ത് വധക്കേസ് പ്രതികൾ


മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, അവലൂക്കുന്ന് സ്വദേശി വിഷ്ണു, കാട്ടൂർ സ്വദേശി അഭിമന്യു, പൊന്നാട് സ്വദേശി സനന്ദ്, ആര്യാട് വടക്ക് സ്വദേശി അതുൽ, കോമളപുരം സ്വദേശി ധനീഷ്, മണ്ണഞ്ചേരി സ്വദേശി ശ്രീരാജ്, പൊന്നാട് സ്വദേശി പ്രണവ്, കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കൊക്കോതമംഗലം സ്വദേശി മുരുകേശൻ, കാട്ടൂർ സ്വദേശി രതീഷ്.ഇവരാണ് ഷാൻ വധക്കേസ് പ്രധാന പ്രതികൾ ഇതിൽ ശ്രീനാഥും മുരുകേശനും ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.