09 May 2024 Thursday

കെട്ടിക്കിടക്കുന്ന വാക്സീൻ വാങ്ങി സ്വകാര്യ ആശുപത്രികളെ രക്ഷിക്കാൻ സർക്കാർ, നഷ്ടം കോടികൾ

ckmnews

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കാലാവധി കഴിയാറായ കൊവിഷീൽഡ് വാക്സീനുകൾ സർക്കാർ ഏറ്റെടുക്കുന്നു. മൂന്നോ നാലോ ദിവസം മാത്രം കാലാവധി അവശേഷിക്കുന്ന ലക്ഷക്കണക്കിന് ഡോസ് വാക്സീൻ ഈ ചുരുങ്ങിയ സമയ പരിധിക്കുള്ളിൽ ജനങ്ങൾക്ക് നൽകി തീർക്കണമെന്നാണ് സർക്കാർ ഉത്തരവെങ്കിലും അത് നടക്കില്ലെന്നുറപ്പായി. ഇതോടെ ലക്ഷക്കണക്കിന് ഡോസ് വാക്സീൻ നശിപ്പിക്കേണ്ടി വരുന്ന സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്നും ഉറപ്പായി.


ഈ മാസവും ഏപ്രിൽ, മെയ് മാസങ്ങളിലുമായി കാലാവധി കഴിയുന്ന മൂന്നര ലക്ഷത്തിലധികം ഡോസ് കൊവിഷീൽഡ് വാക്സീൻ ആണ് സ്വകാര്യ ആശുപത്രികളിൽ നിന്നും സർക്കാർ ഏറ്റെടുക്കുന്നത്. പകരം സെപ്റ്റംബർ വരെ കാലാവധിയുള്ള വാക്സീനുകൾ തിരികെ സ്വകാര്യ ആശുപത്രികൾക്ക് നൽകുകയാണ്. ഇങ്ങനെ ഏറ്റെടുക്കുന്ന കാലാവധി കഴിയാറായ വാക്സീനുകൾ കുറഞ്ഞ ദിവസത്തിനുള്ളിൽ ക്യാംപുകൾ, സ്പെഷ്യൽ ഡ്രൈവുകൾ, സർക്കാർ കേന്ദ്രങ്ങൾ എന്നിവ വഴി പരമാവധി കൊടുത്തുതീർക്കമെന്നാണ് ആരോ​ഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്ര​ഗഡേ ഇറക്കിയ ഉത്തരവിൽ പറയുന്നത്.


അതേസമയം മൂന്നോ നാലോ ദിവസം കൊണ്ട് കാലാവധി കഴിയുന്ന ലക്ഷക്കണക്കിന് ഡോസ് വാക്സീൻ ഈ ദിവസങ്ങൾക്കുള്ളിൽ സർക്കാർ മേഖലയിലും ഉപയോ​ഗിക്കാനാകില്ലെന്നുറപ്പാണ്. നിലവിൽ സർക്കാർ മേഖലയിൽ ഇപ്പോൾ നടക്കുന്നത് ഒരു ദിവസം പരാ‌മവധി 3000 പേരിലെ വാക്സീനേഷനാണ്. സ്വകാര്യ ആശുപത്രികളിൽ നിന്നുമെടുത്ത വാക്സീനുകളിൽ നല്ലൊരു പങ്കും ഈമാസം 8-നും 11-നും കാലാവധി കഴിയുന്നതാണ്. 


അതായത് ഈ ആഴ്ച തന്നെ കാലാവധി കഴിയുന്ന ഒരു ലക്ഷത്തോടടുത്ത് കൊവിഷീൽഡ് വാക്സീനുകൾ ഉണ്ട്. ഇന്നലെയും ഇന്നുമായി സ്വകാര്യ ആശുപത്രികളിൽ നിന്ന് ഏറ്റെടുത്ത ഈ വാക്സീനുകൾ ഈ ആഴ്ചക്കുള്ളിൽ എങ്ങനെയാണ് കൊടുത്ത് തീർക്കാനാകുക എന്ന ചോദ്യം ബാക്കിയാണ്. ജനസംഖ്യയുടെ 80 ശതമാനത്തിലും മേലേപ്പേർ രണ്ട് ഡോസ് വാക്സീനും, അതുപോലെ നല്ലൊരു പങ്കും ബൂസ്റ്റർ ഡോസും സ്വീകരിച്ച ഈ സാഹചര്യത്തിൽ ക്യാംപുകൾ സംഘടിപ്പിച്ചാലും പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചാലും ഈ ആഴ്ചക്കുള്ളിൽ ഈ വാക്സീനുകൾ കൊടുത്തു തീർക്കാനാകില്ല. ഇതോടെ സ്വകാര്യ മേഖല‌യെ നഷ്ടത്തിൽ നിന്ന് രക്ഷിക്കാനിറങ്ങിയ സർക്കാരിന് കോടികളുടെ ധനനഷ്ടം ഉറപ്പായി.  


തിരുവനന്തപുരം ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ കിംസിൽ നിന്നും അനന്തപുരിയിൽ നിന്നും മാത്രം സർക്കാരിന് തിരിച്ചെടുക്കേണ്ടി വന്നത് 10,970 ഡോസ് കൊവിഷീൽഡ് വാക്സീനാണ്. മറ്റ് സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടി വരുമ്പോഴിത് കാൽ  ലക്ഷത്തിനും മുകളിലാകും. 


തൃശൂർ ജില്ലയിൽ ഇന്നലെ മാത്രം ഇങ്ങനെ തിരിച്ചെടുത്തത് കാലാവധി കഴിയാറായ 68,000-ത്തിലധികം ഡോസ് കൊവിഷീൽഡ് വാക്സീൻ ആണ്. ഇതെല്ലാം എങ്ങനെ കാലാവധി അവസാനിക്കും മുമ്പ് സർക്കാർ കേന്ദ്രങ്ങൾ വഴി കൊടുത്തുതീർക്കുമെന്നതിൽ ജില്ലാ മെഡിക്കൽ സംഘങ്ങൾക്കോ എന്തിന് സർക്കാരിന് തന്നെയോ വ്യക്തതയില്ല. കോടികളുടെ നഷ്ടം അറിഞ്ഞു തന്നെ ഇവ സർക്കാർ ഏറ്റെടുക്കുകയായിരുന്നുന്നെന്ന് ചുരുക്കം. സർക്കാർ ഖജനാവിലെ തുക ആർക്കും പ്രയോജനപ്പെടാതെ പാഴാക്കുകയാണെന്ന് വ്യക്തം.


സർക്കാർ മേഖലയിൽ മാത്രമായി തുടങ്ങിയ കൊവിഡ് വാക്സീൻ വിതരണം പിന്നീട് സ്വകാര്യ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. സർക്കാർ മേഖയിൽ പൂർണമായും സൗജന്യമായി കിട്ടുന്ന കൊവിഡ് വാക്സീനുകൾ സ്വകാര്യ ആശുപത്രികൾ 780 രൂപയ്ക്കാണ് നൽകിയിരുന്നത്. 




കോവിഷീൽ‍ഡ് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ വാക്സീൻ വാങ്ങി വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും കുറഞ്ഞത് 3000 ഡോസ് എങ്കിലും വാങ്ങണമെന്ന നിബന്ധന ഇവർക്ക് തിരിച്ചടിയായിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ടു. 12 കോടി രൂപ നൽകി സ്വകാര്യ ആശുപത്രികൾക്ക് 20 ലക്ഷം ഡോസ് വാക്സീൻ സർക്കാർ വാങ്ങി നൽകി. ഡോസിന് 630 രൂപ നിരക്കിലാണ് വാക്സീൻ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികൾ തിരിച്ച് സർക്കാരിന് നൽകണമെന്നായിരുന്നു നിബന്ധന. 150 രൂപ സർവ്വീസ് ചാർജ്ജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികൾ വാക്സീൻ ആവശ്യക്കാർക്ക് നൽകിയത്. 


എന്നാൽ സർക്കാർ മേഖലയിൽ കരുതൽ ശേഖരമടക്കം ആവശ്യത്തിന് വാക്സീനെത്തിയതോടെ എല്ലാവരും വാക്സീൻ പൂർണമായും സൗജന്യമായി കിട്ടുന്ന സർക്കാർ മേഖലയെ മാത്രം ആശ്രയിച്ചു. സ്വകാര്യ മേഖലയെ തീർത്തും ഒഴിവാക്കി. ഇതോടെയാണ് സ്വകാര്യ ആശുപ‌ത്രികളിൽ സ്റ്റോക്ക് കുന്നുകൂടിയത്. കാലവധി കഴിയാറായ വാക്സീനുകളുടെ എണ്ണവും കൂടുകയായിരുന്നു. 


സംസ്ഥാനത്തിന്‍റെ ആവശ്യം അറിഞ്ഞല്ല സ്വകാര്യ മേഖലയിലേക്ക് വാക്സീൻ വാങ്ങിക്കൂട്ടിയതെന്നതാണ് വാസ്തവം. മാത്രവുമല്ല സർക്കാർ മേഖലയിൽ പൂർണമായി സൗജന്യമായി നൽകുന്ന വാക്സീൻ സ്വകാര്യ മേഖലയിൽ നിന്ന് 780 രൂപയ്ക്ക് എത്രപേർ വാങ്ങി ഉപയോ​ഗിക്കുമെന്ന് ചിന്തിക്കാൻ പോലും സർക്കാരിനാകാത്തത് ഇപ്പോൾ തിരിച്ചടിയാകുകയും ചെയ്തു. ഇപ്പോഴത്തെ സർക്കാർ ഉത്തരവ് കൊണ്ട് രണ്ടാണ് പ്രശ്നം. ഒന്ന് കോടികണക്കിന് രൂപയുടെ വാക്സീൻ ആർക്കും ഉപകരിക്കാതെ നശിപ്പിക്കേണ്ടിവരും. രണ്ട്, സ്വകാര്യ മേഖലയെ സഹായിക്കാനിറങ്ങിയ സർ‌ക്കാരിന് കോടികളുടെ ബാധ്യതയും.  


വാക്സീനുകൾ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയതിനൊപ്പം സിറം ഇൻസ്റ്റിറ്റ്യൂട്ടിനേയും സ്വകാര്യ ആശുപത്രികളുടെ സംഘടന സമീപിച്ചിരുന്നു . എന്നാൽ ഒരിക്കൽ നൽകിയവ തിരിച്ചെടുക്കില്ലെന്ന നിലപാടാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്വീകരിച്ചത്.