09 May 2024 Thursday

പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠികളുടെ മര്‍ദനമേറ്റ് മരിച്ചു

ckmnews

ക്രിക്കറ്റ് കളിക്കുന്നതിനിടയിലെ തര്‍ക്കത്തെ തുടര്‍ന്ന് തെലങ്കാനയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠികളുടെ മര്‍ദനമേറ്റ് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനഞ്ചുകാരനായ മന്‍സൂറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൈദരാബാദ് യൂസുഫ്ഗുഡയിലെ സായ് കൃപ ഹൈസ്‌കൂളിലാണ് സംഭവം. ബുധനാഴ്ച ഉച്ചഭക്ഷണ ഇടവേളയ്ക്കിടെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ പേപ്പര്‍ ബോള്‍ ഉപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം.സഹപാഠികളിലൊരാളുടെ നേരെ മന്‍സൂര്‍ പേപ്പര്‍ ബോള്‍ എറിയുകയും ഇതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ക്കിടയില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ, മറ്റൊരു വിദ്യാര്‍ഥിയുടെ അടിയേറ്റ പതിനഞ്ചുകാരന്‍ ബഞ്ചില്‍ തലയിടിച്ചുവീഴുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്നാണോ ബഞ്ചില്‍ ഇടിച്ചാണോ മരണം സംഭവിച്ചതെന്ന കാര്യം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ജൂബിലി ഹില്‍സ് പൊലീസ് പറഞ്ഞു.മരിച്ച വിദ്യാര്‍ഥിയുടെ രണ്ട് സഹപാഠികള്‍ ഒളിവിലാണ്. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

സംഘര്‍ഷം നടക്കുമ്പോള്‍ 13 വിദ്യാര്‍ഥികളാണ് ക്ലാസ് മുറിയില്‍ ഉണ്ടായിരുന്നത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. മരിച്ച കുട്ടിയുടെ പിതാവ് പഴക്കച്ചവടം നടത്തിയാണ് ജീവിക്കുന്നത്. അദ്ദേഹത്തിന്റെ മൂന്ന് മക്കളില്‍ രണ്ടാമനായിരുന്നു മന്‍സൂര്‍.