09 May 2024 Thursday

ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം; കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

ckmnews

ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം; കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്


ബസുകളില്‍ വിദ്യാര്‍ത്ഥികളോടുള്ള വിവേചനത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബസ് ജീവനക്കാര്‍ക്ക് എതിരായ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ അറിയിക്കാന്‍ എല്ലാ ജില്ലകളിലും സംവിധാനമൊരുക്കി. കുട്ടികള്‍ക്ക് വാട്‌സ്ആപ്പ് വഴിയും പരാതികള്‍ സമര്‍പ്പിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.


‘രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് കുട്ടികള്‍. കൊവിഡ് കാലത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നതോടെ ഭൂരിപക്ഷം വിദ്യാര്‍ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ഭൂരിപക്ഷം ബസുടമകളും ജീവനക്കാരും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നല്‍കുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗം ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് മോശമായ സമീപനമാണ് സ്വീകരിക്കുന്നത്’. എംവിഡി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.



ബസ്സില്‍ കയറ്റാതിരിക്കുക, ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക, ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കണ്‍സഷന്‍ നല്‍കാതിരിക്കുക തുടങ്ങിയവ വിദ്യാര്‍ഥികളോട് ചെയ്യുന്ന വിവേചനം തന്നെയാണ്. ഇത്തരം വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനും നിര്‍ദേശിച്ചിട്ടുണ്ട്. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വരികയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് ബസ് ജീവനക്കാരില്‍ നിന്ന് മോശമായ അനുഭവം നേരിട്ടാല്‍ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ എംവിഡിക്ക് പരാതി നല്‍കാം.


തിരുവനന്തപുരം- 9188961001

കൊല്ലം- 9188961002

പത്തനംതിട്ട- 9188961003

ആലപ്പുഴ- 9188961004

കോട്ടയം- 9188961005

ഇടുക്കി- 9188961006

എറണാകുളം- 9188961007

തൃശ്ശൂര്‍- 9188961008

പാലക്കാട്- 9188961009

മലപ്പുറം- 9188961010

കോഴിക്കോട്- 9188961011

വയനാട്- 9188961012

കണ്ണൂര്‍- 9188961013

കാസര്‍ഗോഡ് – 9188961014