26 April 2024 Friday

തൃശ്ശൂരിൽ ഹണിട്രാപ്പിലൂടെ ഡോക്ടറുടെ 3 ലക്ഷം തട്ടാന്‍ ശ്രമം:ട്രാപ്പിലാക്കി പൊലീസ്:യുവതികൾ അറസ്റ്റിൽ

ckmnews

തൃശ്ശൂരിൽ ഹണിട്രാപ്പിലൂടെ ഡോക്ടറുടെ 3 ലക്ഷം തട്ടാന്‍ ശ്രമം:ട്രാപ്പിലാക്കി പൊലീസ്:യുവതികൾ അറസ്റ്റിൽ


തൃശൂര്‍:നഗരത്തിലെ പ്രമുഖ ഡോക്ടറുടെ വാട്സാപ്പിലേക്ക് മണ്ണുത്തി സ്വദേശി നൗഫിയയുടെ സന്ദേശം തുടരെ തുടരെ വന്നു. പരിചയമില്ലാത്ത ആളുടെ സന്ദേശമായതിനാല്‍ ഡോക്ടര്‍ ആദ്യം പ്രതീകരിച്ചില്ല. പിന്നെ, ഭീഷണിയായി. പണം ചോദിക്കലായി. പീഡിപ്പിച്ചുവെന്ന് പരാതി നല്‍കുമെന്നായി. വഴങ്ങില്ലെന്ന് മനസിലായപ്പോള്‍ പിന്നെ വിളിക്കുന്നത് ഒരു പുരുഷനാണ്. അതും വിദേശത്തു നിന്നുള്ള ഇന്‍റര്‍നെറ്റ് കോളിലൂടെ. സ്ഥിരം ശല്യമായപ്പോള്‍ ഡോക്ടര്‍ പൊലീസിനെ സമീപിച്ചു.


ഡോക്ടറുടെ വാട്സാപ്പ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൊലീസാണ് ഉപയോഗിച്ചത്. ഹണിട്രാപ്പാണെന്ന് മനസിലായതോടെ അതിനനുസരിച്ചുള്ള സന്ദേശങ്ങള്‍ പൊലീസ് തിരിച്ചും അയച്ചു. മൂന്നു ലക്ഷം രൂപയാണ് മണ്ണുത്തി സ്വദേശി നൗഫിയയും വിദേശത്തുള്ള പുരുഷനും ആവശ്യപ്പെട്ടത്. തുക നല്‍കാമെന്ന് പൊലീസ് തിരിച്ച് സന്ദേശമിട്ടു. ബെംഗളൂരുവില്‍ നിന്ന് ഒരു യുവതി പണം കൈപ്പറ്റാന്‍ വരുമെന്നായിരുന്നു സന്ദേശം


തൃശൂരില്‍ ട്രെയിനിറങ്ങിയ യുവതി ഡോക്ടറെ വാട്സാപ്പില്‍ ബന്ധപ്പെട്ടു. പണം കൈപ്പറ്റാന്‍ സ്ഥലവും സമയവും അറിയിച്ചു. അങ്ങനെ, വനിതാ പൊലീസ് സംഘവും തൃശൂര്‍ എസിപി വി.കെ.രാജുവും വെസ്റ്റ് എസ്.ഐ ബൈജുവും തട്ടിപ്പുക്കാരിയെ പിടിക്കാന്‍ നിലയുറപ്പിച്ചു. ഡോക്ടറുടെ കാറിന്റെ അടയാളം പറഞ്ഞു കൊടുത്തു. ഇതുപ്രകാരം, കാറിന്‍റെ സമീപത്തെത്തിയ യുവതിയെ പൊലീസ് പിടികൂടി. കായംകുളം സ്വദേശിയായ നിസയായിരുന്നു ഇത്. ബംഗ്ലുരുവിലെ ഫിറ്റ്്നസ് ട്രെയിനറാണ് ഇരുപത്തിയൊന്‍പതുകാരി നിസ.


നിസയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ നിര്‍ത്താതെ ഫോണ്‍ റിങ് ചെയ്യുന്നു. സ്പീക്കര്‍ ഫോണിലിട്ട് സംസാരിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. മണ്ണുത്തി സ്വദേശി നൗഫിയയായിരുന്നു അത്. കിട്ടിയ മൂന്നു ലക്ഷം എവിടെ. മുങ്ങരുത്, വേഗം കാണണമെന്നായി. പൊലീസ് തന്നെ നഗരത്തിലെ ഒരു സ്ഥലം പറ‍ഞ്ഞു. അവിടെ, പൊലീസ് സംഘം നിലയുറപ്പിച്ചു. മൂന്നു ലക്ഷം കിട്ടുമെന്ന പ്രതീക്ഷയില്‍ വഴിയരികില്‍ കാത്തുനിന്ന മണ്ണുത്തി സ്വദേശി നൗഫിയയെ വരവേറ്റത് വനിതാ പൊലീസായിരുന്നു.


 വിദേശത്തു നിന്ന് സ്ഥിരമായി ഫോണില്‍ വിളിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തിയ ആ പുരുഷന്‍ ആര്?. പൊലീസിന്റെ പക്കല്‍ ഉത്തരമുണ്ട്. ആളെ പിടിക്കാന്‍ സിബിഐ മുഖേന ഇന്റര്‍പോളിന്‍റെ സഹായം തേടും. സമ്പന്നരെ ഉന്നമിട്ട് പിന്‍തുടര്‍ന്ന് ഹണിട്രാപ്പില്‍ കുരുക്കുന്ന സംഘമാണിതെന്ന് പൊലീസ് സംശയിക്കുന്നു. ഹണിട്രാപ്പില്‍ കുടുങ്ങുന്നവരില്‍ ഭൂരിഭാഗവും പരാതിയുമായി പൊലീസിനെ സമീപിക്കാറില്ല. നാണക്കേട് ഭയന്നാണ് പൊലീസിന്റെ സഹായം തേടാത്തത്. ഇവിടെ, ഡോക്ടര്‍ കാണിച്ച ധൈര്യമാണ് പ്രതികളുടെ അറസ്റ്റില്‍ കലാശിച്ചത്.