26 April 2024 Friday

മഹാ ശിവരാത്രി ആഘോഷത്തിനായി ആലുവ മണപ്പുറം ഒരുങ്ങി.

ckmnews

മഹാ ശിവരാത്രി ആഘോഷത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോകോളും പാലിച്ചാണ് ബലിതര്‍പ്പണ ചടങ്ങുകള്‍.ശിവരാത്രിയോട് അനുബന്ധിച്ച്‌ ഇന്ന് വൈകിട്ട് മുതല്‍ നാളെ ഉച്ചവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.


ബലിതര്‍പ്പണത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ആണ് ആലുവയില്‍ ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഇത്തവണ രാത്രിയില്‍ ബലിയിടുന്നതിനും പുഴയില്‍ ഇറങ്ങുന്നതിനും തടസമില്ല. രാത്രി പത്തിന് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ഒരേസമയം 200 പേര്‍ക്ക് ബലിയിടാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ 148 ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും പുരോഹിതരുടെ ബഹിഷ്കരണം മൂലം 60 എണ്ണം മാത്രമാണ് ലേലത്തില്‍ പോയത്.


ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങുന്നവരുടെ സുരക്ഷയ്ക്ക് അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തുണ്ടാകും .നഗരസഭയും ജല അതോറിറ്റിയും ചേര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ ശുദ്ധജലം ക്രമീകരിച്ചിട്ടുണ്ട് .കെ.എസ്.ആര്‍.ടി.സി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആലുവയിലേക്ക് ശിവരാത്രി സ്പെഷ്യല്‍ ബസുകള്‍ ഓടിക്കും. കൊച്ചി മെട്രോയും കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നഗരസഭയും റൂറല്‍ ജില്ലാ പൊലീസുമാണ് ശിവരാത്രി ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശ്രീ നാരായണ ഗുരു അദ്വൈതാശ്രമത്തില്‍ വൈകീട്ട് അഞ്ചിന് സര്‍വ്വമത സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.