09 May 2024 Thursday

ശസ്ത്രക്രിയയിലൂടെ 79കാരന്‍റെ മൂത്രാശയത്തിൽനിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ

ckmnews

ശസ്ത്രക്രിയയിലൂടെ

79കാരന്‍റെ മൂത്രാശയത്തിൽനിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ


തൃശ്ശൂർ :ശസ്ത്രക്രിയയിലൂടെ 79കാരന്‍റെ മൂത്രാശയത്തിൽനിന്ന് ആയിരത്തിലേറെ കല്ലുകൾ പുറത്തെടുത്തു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് സംഭവം. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശിയായ വയോധികന്റെ മൂത്രാശയത്തിൽനിന്നാണ് ആയിരത്തിലേറെ കല്ലുകൾ പുറത്തെടുത്തത്. പ്രശസ്ത യൂറോളജി സർജൻ ജിത്തുനാഥിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

 ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.വേദനയില്ലാതെയുള്ള എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെയാണ് കല്ലുകൾ പുറത്തെടുത്തതെന്ന് ഡോക്ടർ ജിത്തുനാഥ് പറഞ്ഞു. മൂത്രാശയത്തിലെ ഗ്രന്ഥിയുടെ പ്രവർത്തനം തടസപ്പെടുമ്പോഴാണ് കല്ലുകൾ രൂപപ്പെടുന്നത്. എന്നാൽ ഇതാദ്യമായാണ് ഒരാളിലെ മൂത്രാശയത്തിൽ ഇത്രയധികം കല്ലുകൾ രൂപപ്പെട്ട് കണ്ടതെന്നും ഡോ. ജിത്തുനാഥ് പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും രോഗി സുഖംപ്രാപിച്ചുവരുന്നതായും ഡോക്ടർ അറിയിച്ചു. വൈകാതെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങാനാകും.


കടുത്ത വയറുവേദനയെ തുടർന്നാണ് രോഗി ചികിത്സ തേടിയെത്തിയത്. പരിശോധനയിലാണ് മൂത്രാശയത്തിൽ കല്ല് നിറഞ്ഞ് കിടക്കുന്നത് കണ്ടത്. കൂടാതെ കടുത്ത മൂത്രാശയ അണുബാധയും ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. പൂർണമായും വേദനയും മുറിവുമില്ലാതെയാണ് എൻഡോസ്കോപ്പി ശസ്ത്രക്രിയ നടത്തിയത്.

ഡോ. ജിത്തുനാഥിന്‍റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ സംഘത്തിൽ അന്സ്തേഷ്യസ്റ്റ് ഡോ അഞ്ജു കെ ബാബുവും ഉണ്ടായിരുന്നു. 


സംസ്ഥാന സർക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വഴി പൂർണമായും സൗജന്യമായാണ് ഈ ശസ്ത്രക്രിയ നടത്തിയതെന്നും ഡോ. ജിത്തുനാഥ് അറിയിച്ചു.