27 April 2024 Saturday

‘കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഓൺലൈനിൽ വാങ്ങി; മുറി ടേപ്പ് ഒട്ടിച്ച് അടച്ചു’

ckmnews

‘കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഓൺലൈനിൽ വാങ്ങി; മുറി ടേപ്പ് ഒട്ടിച്ച് അടച്ചു’


തൃശൂർ ∙ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബം, കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഓൺലൈൻ വഴി വാങ്ങിയതായി കണ്ടെത്തി. ആത്മഹത്യ ചെയ്യണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നു എന്നാണ് ഈ രാസപദാർഥങ്ങൾ നൽകുന്ന സൂചനയെന്നു പൊലീസ് പറഞ്ഞു.


വിഷവാതകം പുറത്തു പോകാതിരിക്കാനായി ജനലുകളും വാതിലുകളും അടച്ചതിനു പുറമേ, ടേപ് ഉപയോഗിച്ച് വായുസഞ്ചാരം പൂർണമായി തടയുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന് സൂചിപ്പിക്കുന്ന കത്ത് പൊലീസ് കണ്ടെടുത്തെന്നാണ് വിവരം. രണ്ടാഴ്ചയായി സമൂഹമാധ്യമത്തിൽനിന്നു ഇവർ വിട്ടുനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

കുട്ടികളുടേതടക്കം നല്ല ചിത്രങ്ങൾ നിരന്തരം പങ്കുവച്ചിരുന്ന ഇവർ ദിവസങ്ങളായി അത്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കാതിരുന്നതിന്റെ കാരണം, കടുത്ത മാനസിക സമ്മർദത്തിന് അടിപ്പെട്ടതാവാം എന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ചന്തപ്പുര ഉഴുവത്തുകടവിൽ കാടാംപറമ്പ് ഉബൈദുള്ളയുടെ മകൻ ആഷിക് (41), ഭാര്യ അബീറ (34), മക്കളായ അസ്റ ഫാത്തിമ (14), അനൗംനിസ (8) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇവർക്ക് അടുത്തിടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി നാട്ടുകാർ പറയുന്നു. വീട് ജപ്തി ഭീഷണിയിൽ ആയിരുന്നെന്നും സൂചനയുണ്ട്. വീട്ടിലെ മറ്റംഗങ്ങൾ താഴത്തെ നിലയിലും ആഷിക്കും ഭാര്യയും മക്കളും മുകൾ നിലയിലുമാണു താമസിച്ചിരുന്നത്. രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് താഴെയുള്ളവർ മുറിയിൽ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഒടുവിൽ അയൽക്കാരെത്തി മുകൾ നിലയിൽ കയറി ജനലിലൂടെ നോക്കിയപ്പോഴാണ് എല്ലാവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.