09 May 2024 Thursday

മുത്തങ്ങ ഭൂസമരത്തിന് 19 വയസ്

ckmnews

മുത്തങ്ങ ഭൂസമരത്തിന് 19 വയസ്. ഭൂമിക്കായി മണ്ണിന്റെ മക്കള്‍ നടത്തിയ സമരം ചരിത്രത്തിന്റെ ഭാഗമാണ്. സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ വെടിവെയ്പില്‍ ആദിവാസി നേതാവ് ജോഗിയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനായ വിനോദും കൊല്ലപ്പെട്ടു.

2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വനത്തില്‍ കുടില്‍കെട്ടി സമരം ചെയ്ത ആദിവാസികള്‍ക്ക് നേരെ പൊലീസ് വെടിവെയ്പുണ്ടായത്. വെടിവെയ്പില്‍ ആദിവാസി നേതാവ് ജോഗിയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനായ വിനോദും കൊല്ലപ്പെട്ടു. ഗോത്ര മഹാസഭ അധ്യക്ഷ സി.കെ.ജാനുവിന്റെയും കോഓഡിനേറ്റര്‍ എം.ഗീതാനന്ദന്റെയും നേതൃത്വത്തില്‍ 2003 ജനുവരി അഞ്ചിനാണ് ആദിവാസികള്‍ മുത്തങ്ങ വനത്തില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. ഫെബ്രുവരി 17ന് വൈകീട്ട് ആദിവാസി കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന ഷെഡിന് സമീപം തീപ്പിടിത്തമുണ്ടായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.തീ കത്തിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നാരോപിച്ച് ആദിവാസികള്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി. ഉദ്യോഗസ്ഥരെ മോചിപ്പിച്ചെങ്കിലും സമരക്കാരെ വനത്തില്‍ നിന്ന് പുറത്താക്കാന്‍ 19ന് പൊലീസ് കാട് വളഞ്ഞു. തുടര്‍ന്നുനടന്നത് നരനായാട്ടായിരുന്നു. അമ്പും വില്ലുമൊക്കെയായി ചെറുക്കാന്‍ ശ്രമിച്ച ആദിവാസികളെ തോക്കും ലാത്തികളും ഗ്രനേഡുകളുമായി പൊലീസ് നേരിട്ടു. പൊലീസ് ആദിവാസികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും കുടിലുകള്‍ കത്തിക്കുകയും ചെയ്തു. പൊലീസും സമരക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. തുടര്‍ന്നുണ്ടായ പൊലീസ് വെടിവെയ്പിലാണ് ജോഗി മരിക്കുന്നത്. ഇതിനിടയില്‍ പൊലീസുകാരനായ വിനോദും കൊല്ലപ്പെട്ടു. തുടര്‍ന്ന് സമീപത്തെ എല്ലാ ആദിവാസി കുടിലുകളും പൊലീസ് അരിച്ചുപെറുക്കി. അവരെ ക്രൂരമായി മര്‍ദിച്ചു. ഫെബ്രുവരി 21ന് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയില്‍ വെച്ച് ഗീതാനന്ദനും ജാനുവും അറസ്റ്റിലായി. ഇരുവര്‍ക്കും അതിക്രൂരമായ മര്‍ദനമേറ്റു.

ആദിവാസികളുടെ ഭൂമി പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും മുത്തങ്ങ സമരം ഗോത്രസമൂഹത്തിന് വലിയ ആത്മവിശ്വാസം നല്‍കി. ആ സമരമാണ് കേരളത്തിലെ ആദിവാസികളുടെ ഭൂമി പ്രശ്നം ലോകത്തിന് മുന്നില്‍ ചര്‍ച്ചയാക്കിയത്. അതിനുശേഷം ചെങ്ങറയും അരിപ്പയും തുടങ്ങി എത്രയോ ഭൂസമരങ്ങള്‍ രൂപംകൊണ്ടു. ആദിവാസികളും ദളിതുകളും സ്വന്തം കാലില്‍ നിന്ന് പോരാടാനുള്ള കരുത്ത് നേടിയതില്‍ മുത്തങ്ങ സമരത്തിനുള്ള പങ്ക് ചെറുതല്ല.