09 May 2024 Thursday

ഇന്ന് നിയമസഭാ സമ്മേളനത്തിന് തുടക്കമാകും

ckmnews

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീർത്ത അനിശ്ചിതത്വത്തിനും നാടകീയതക്കുമൊടുവിൽ ഇന്ന് നിയമസഭാസമ്മേളനത്തിന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാം സമ്മേളനത്തിന് തുടക്കമാവുക. അതേസമയം, പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചേക്കുമെന്നാണ് സൂചന അവസാനമണിക്കൂറിൽ സർക്കാരിനെ മുൾമുനയിൽ നിർത്തിയ ശേഷമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചത്. അസാധാരണ സാഹചര്യത്തെ ഗവർണർ മുന്നോട്ട് വച്ച ഉപാധികൾ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ മറികടന്നത്. ഇന്ന് രാവിലെ 9 മണിക്കാണ് ഗവർണറുടെ നയപ്രഖ്യാപനം.

നയപ്രഖ്യാപന പ്രസംഗത്തിൽ മറ്റുവല്ല സസ്‌പെൻസും ഗവർണർ കരുതി വെച്ചിട്ടുണ്ടോയെന്നതും ശ്രദ്ധേയമാണ്. സർക്കാരും ഗവർണറും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങലാണെന്ന ആരോപണം ശക്തമാക്കിയ പ്രതിപക്ഷം, ഇന്നത്തെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കാനാണ് സാധ്യത. രാവിലെ ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടിയോഗം ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കും. ഹിജാബ് വിഷയത്തിലെ നിലപാടിനെതിരെ സഭക്കകത്ത് ഗവർണക്കർക്കെതിരെ പ്രതിപക്ഷം പ്രതിഷേധം തീർക്കുമെന്നും സൂചനയുണ്ട്.