09 May 2024 Thursday

മദ്യക്കടത്തുക്കേസ്; ലൂക്ക് ജോര്‍ജ് 16 കോടിയുടെ മദ്യം കടത്തി

ckmnews

തിരുവനന്തപുരം മദ്യക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോര്‍ജ് 16 കോടിയുടെ മദ്യം കടത്തിയെന്ന് കണ്ടെത്തല്‍. ഒരേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പല തവണ മദ്യം കടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയ്യാള്‍ 13000 യാത്രക്കാരുടെ വ്യക്തിപരമായ വിവരങ്ങളും ചോര്‍ത്തി. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ട്വന്റി ഫോറിന് ലഭിച്ചു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഇന്നലെയാണ് കസ്റ്റംസ് മുന്‍ സൂപ്രണ്ടായ ലൂക്ക് കെ.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ വ്യാജപേരില്‍ മദ്യം ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് കേസ്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം ആദ്യം കണ്ടെത്തിയത്. തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിച്ചത്.മദ്യം പുറത്തേക്ക് കടത്താനായി എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചതായും പാസ്പോര്‍ട്ട് വിവരങ്ങള്‍ ഉപയോഗിച്ച് മദ്യം കടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ അന്വേഷണ ആരംഭിച്ചതിന് പിന്നാലെ ലുക്ക് കെ.ജോര്‍ജ് രണ്ട് വര്‍ഷത്തോളം ഒളിവിലായിരുന്നു. അതിന് ശേഷമാണ് ഇയാള്‍ സിബിഐക്ക് മുന്നില്‍ ഹാജരായത്. അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യം നേടിയിരുന്നു. ഈ കാലയളവിലും ലുക്ക് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരുന്നില്ല.