27 April 2024 Saturday

കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ckmnews

കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസില്‍ ഡ്രൈവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്നതടക്കമുള്ള ബന്ധുക്കളുടെ ആരോപണവും പരിശോധിക്കും. അപകടം നടന്ന ദിവസം ബസിലുണ്ടായിരുന്ന യാത്രക്കാരുടെയും മരിച്ച യുവാക്കളുടെ ബന്ധുക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്തും.

വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സി.എല്‍.ഔസേപ്പാണ് കേസിലെ പ്രതി. ഈ മാസം 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സര്‍വ്വീസ് നടത്തിയ ബസാണ് അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതോടെ ബസ് തട്ടി യുവാക്കള്‍ മരണപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോര്‍ഡില്‍ പതിയുകയും വിവരം സോഷ്യല്‍ മീഡിയകളിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന അനുമാനത്തെ തുടര്‍ന്ന് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.അപകടമുണ്ടാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവറെ നിലവില്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. ഇയാള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.