09 May 2024 Thursday

ബാബുവിന് ബിഗ് സല്യൂട്ട്; സൈന്യത്തിന് നന്ദിയെന്ന് പ്രതിപക്ഷനേതാവ്:സർക്കാരിന് വിമർശനം

ckmnews

ബാബുവിന് ബിഗ് സല്യൂട്ട്; സൈന്യത്തിന് നന്ദിയെന്ന് പ്രതിപക്ഷനേതാവ്:സർക്കാരിന് വിമർശനം


തിരുവനന്തപുരം∙പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലമുകളിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ. ബാബുവിനെ സാഹസികമായി രക്ഷപ്പെടുത്തിയ സൈനികരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നതെന്നും സൈന്യത്തിനൊപ്പം വനം, പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും മാധ്യമങ്ങളും അഭിനനന്ദനം അർഹിക്കുന്നുവെന്നും സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 



രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്. ചുട്ട് പൊള്ളിയ പകലിനെയും തണുത്തുറഞ്ഞ രാത്രികളേയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണ്.


മലമ്പുഴ രക്ഷാദൗത്യത്തിൽ കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റിക്കും സംവിധാനങ്ങള്‍ക്കും പ്രഫഷനലിസം പോരെന്നും വി.ഡി.സതീശൻ വിമർശിച്ചു. മുൻപ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണ്.


ബാബു ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആശ്വാസം, സന്തോഷം. സൈന്യത്തിനും എന്‍ഡിആര്‍എഫിനും നന്ദി. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ– വി.ഡി. സതീശൻ കുറിച്ചു.