09 May 2024 Thursday

ലോകായുക്ത : ഓര്‍ഡിനന്‍സ് പുറത്തിറങ്ങി; ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും അപ്പീല്‍ കേള്‍ക്കാം

ckmnews



തിരുവനന്തപുരം∙ അധികാര സ്ഥാനങ്ങളിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ഇനി മുതല്‍ ലോകായുക്ത പുറപ്പെടുവിക്കുന്ന വിധികളില്‍ അപ്പീല്‍ കേള്‍ക്കാന്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും അധികാരമുണ്ടാകും. മുഖ്യമന്ത്രി ഇന്നലെ നേരിട്ടു കണ്ട് സംസാരിച്ചതിനെ തുടര്‍ന്നാണ് നിയമഭേദഗതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കിയത്. പതിനൊന്നാം തീയതി മുഖ്യമന്ത്രിക്കെതിരെയുള്ള പരാതി ലോകായുക്ത പരിഗണിക്കുന്നതിനിടെയാണ് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ട് ഒരുമണിക്കൂര്‍ നടത്തിയ ചര്‍ച്ചയാണ് ഓര്‍ഡിനന്‍സിന് അനുവാദം ലഭിക്കുന്നതിന് ഇടയാക്കിയത്. നിയമ മന്ത്രി പി.രാജീവ് നേരിട്ടുകണ്ട് നടത്തിയ ചര്‍ച്ച, സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ വിശദീകരണം എന്നിവയും ആരിഫ് മുഹമ്മദ് ഖാന്‍ കണക്കിലെടുത്തു. മുഖ്യമന്ത്രിക്കെതിരെയുള്ള ലോകായുക്ത വിധി ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കെതിരെയുള്ള വിധികളും പരാമര്‍ശങ്ങളും മുഖ്യമന്ത്രിക്കും പരിഗണിച്ച് വിധി പ്രഖ്യാപിക്കാം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്ത വിധിവന്നാല്‍ ചീഫ് സെക്രട്ടറിക്ക് പുനപരിശോധിക്കാം.


ഒാര്‍ഡിനന്‍സ് നിലവില്‍വരുന്നതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളിൽ ലോകായുക്തയുടെ ഏത് വിധിപ്രസ്താവത്തിലും തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിന്‍റെ കൈയ്യിലേക്ക് വരും. ഇതോടെ ലോകായുക്ത അപ്രസക്തമാകും. ജുഡീഷ്യറിയുടെ അധികാരം ഒാര്‍ഡിനന്‍സിലൂടെ സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കാമോ എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ജുഡീഷ്യറിക്ക് മുകളില്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു എന്നതാണ് ഒാര്‍ഡിനന്‍സിന്‍റെ പ്രത്യേകത. സാധാരണ ലോകായുക്ത ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ സംവിധാനങ്ങളുടെ വിധി പുനപരിശോധിക്കാന്‍ അവകാശം ഹൈക്കോടതിക്ക് മാത്രമാണ്. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാഭാവിക നീതി ലംഘിക്കുന്നു എന്നതായിരുന്നു സര്‍ക്കാര്‍ വാദം. 


അതാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. പ്രസിഡന്‍റിന്റെ അനുമതിയോടെ പാസാക്കിയ നിയമത്തില്‍ കാതലായ മാറ്റം വരുത്തുമ്പോള്‍  പ്രസിഡന്‍റിന്‍റെ അനുവാദം വേണമെന്ന പ്രതിപക്ഷ വാദവും ഗവര്‍ണര്‍ തള്ളി. നിയമസഭ ചേരാന്‍ ദിവസങ്ങള്‍മാത്രം അവശേഷിക്കുമ്പോള്‍ പ്രധാനപ്പെട്ട നിയമ നിര്‍മാണം ഒാര്‍ഡിനന്‍സായി കൊണ്ടുവരുന്നതിന്‍റെ ഒൗചിത്യവും ചോദ്യചെയ്യപ്പെടുന്നുണ്ട്. സഭാ സമ്മേളനം ഇടയ്ക്കു ചേര്‍ന്നാലും 42 ദിവസം ഒാര്‍ഡിനന്‍സിന് നിയമസാധുത ഉണ്ടാകും.