27 April 2024 Saturday

കള്ളുഷാപ്പിൽ കയറി കരിമീൻ കഴിച്ച് പണം നൽകാതെ മുങ്ങി, നാട്ടുകാർ വളഞ്ഞിട്ട് പിടിച്ചു, ഒടുവിൽ പൊലീസ് സ്റ്റേഷനിൽ

ckmnews

കള്ളുഷാപ്പിൽ കയറി ഭക്ഷണം  കഴിച്ചിട്ട് പണം നൽകാതെ മുങ്ങിയവരെ നാട്ടുകാർ ചേർന്ന് വളഞ്ഞിട്ട് പിടിച്ച് പൊലീസിനെ  ഏൽപ്പിച്ചു. കുമരകത്തെ കണ്ണാടിച്ചാലിന് സമീപത്തെ കള്ളുഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചാണ് രണ്ടംഗ സംഘം പണം നൽകാതെ മുങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം സ്വദേശികളായ രണ്ട് പേർ ഭക്ഷണം കഴിക്കാനെത്തിയത്. 


കരിമീൻ മപ്പാസും താറാവ് കറിയും അടക്കം ആയിരത്തിലേറെ രൂപയുടെ ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചു. കാറിലായിരുന്നു ഇരുവരുമെത്തിയത്. ആഹാരം കഴിച്ചതിന് ശേഷം ഒരാൾ ആദ്യം പോയി കാറിലിരുന്നു. വെയിറ്റർ ബില്ലെടുക്കാൻ പോയ സമയത്തിന് കൂടെ ഉണ്ടായിരുന്നയാളും മുങ്ങി. ബില്ലുമായെത്തിയപ്പോഴേക്കും ഇവർ കാറുമായി കടന്നുകളഞ്ഞു. 


അടുത്തുണ്ടായിരുന്ന താറാവ് കടക്കാരനെ അറിയിച്ച് തടയാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാർ അവിടെ നിന്നും പോയിരുന്നു. ഇതോടം ജീവനക്കാർ ബൈക്കെടുത്ത് കാറിന് പിന്നാലെ വിട്ടു. പരിചയമുള്ള നാട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. കാർ കടന്നുപോകാൻ സാധ്യതയുള്ള ഇല്ലിക്കലെ ഷാപ്പ് ജീവനക്കാരെയും വിളിച്ച് പറഞ്ഞു. 


കാർ ഇതുവഴി എത്തിയതോടെ ഇവിടെ കൂടിയിരുന്ന നാട്ടുകാർ കാർ തടഞ്ഞു. ഇവർ പണം നൽകാൻ തയ്യാറാകാതായതോടെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി രണ്ട് പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ വച്ച് ഇവർ പണം ഗൂഗിൾ പേ ആയി ആയച്ച് നൽകുകയാണ് പിന്നീട് ഉണ്ടായത്.