26 April 2024 Friday

ദിലീപിന് നിർണായകദിനം; വധഗൂഢാലോചന കേസിലെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ckmnews

വധഗൂഢാലോചന കേസിൽ ദിലീപിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിവൈരാഗ്യം മൂലമുള്ളതും കെട്ടിച്ചമച്ചതും ആണെന്നാണ് ദിലീപിന്റെ വാദം. എന്നാൽ അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.


  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും മറ്റ് അഞ്ചുപേരും ഗൂഡാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻറെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് വധഗൂഡാലോചന കേസ് റജിസ്റ്റർ ചെയ്തത്. എന്നാ. തനിക്കെതിരായ ഗൂഡാലോചന കേസ് ക്രൈംബ്രാഞ്ചിന്റെ ഗൂഡാലോചനയാണെന്നാണ് ദിലീപിൻറെ വാദം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസ് വ്യക്തിവിരോധം തീർക്കാൻ തനിക്കെതിരെ കേസ് കെട്ടിച്ചമക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാനുള്ള ഗൂഡാലോചനയും ഇതിൻറെ പിന്നിലുണ്ടെന്നും ദിലീപ് പറയുന്നു. സിനിമയിൽ അഭിനയിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതിനാൽ ബാലചന്ദ്രകുമാറിന് തന്നോട് വിരോധമുണ്ടെന്നും, ബാലചന്ദ്രകുമാറിൻറെ മൊഴിക്ക് വിശ്വാസ്യതിയില്ലെന്നും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ദിലീപിനെതിരായ ആരോപണം അതീവ ഗൌരവമുള്ളതാണെന്നാണ് മുൻകൂർ ജാമ്യത്തെ എതിർക്കുന്ന പ്രോസിക്യൂഷൻ നിലപാട്. അന്വേഷണം മുന്നോട്ട് കൊണ്ട് പോകാൻ ദിലീപിനെ കസ്റ്റഡിയിയിൽ ചോദ്യം ചെയ്യണം.