09 May 2024 Thursday

ഷേക്ക് പി.ഹാരിസ് സിപിഎമ്മിൽ ചേർന്നു; ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും

ckmnews

ഷേക്ക് പി.ഹാരിസ് സിപിഎമ്മിൽ ചേർന്നു; ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും


എൽജെഡി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി.ഹാരിസ് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ദേഹത്തെ സ്വീകരിച്ചു. എൽജെഡിയുടെ ചില സംസ്ഥാന, ജില്ലാ നേതാക്കളും സിപിഎമ്മിൽ ചേർന്നു. ഇവരുടെ ചുമതലകൾ ജില്ലാ കമ്മിറ്റികൾ തീരുമാനിക്കും. സംസ്ഥാന തലത്തിൽ പ്രവർത്തിച്ചവരുടെ ചുമതല സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്ന് കോടിയേരി പറഞ്ഞു.

സിപിഎം നിശ്ചയിക്കുന്ന ഘടകങ്ങളിൽ പാർട്ടി ചട്ടക്കൂടിൽനിന്നു പ്രവർത്തിക്കുമെന്ന് ഷേക്ക് പി.ഹാരിസ് പറഞ്ഞു. എൽജെഡി സംസ്ഥാന നേതൃത്വത്തിൽ പൂർണമായ മാറ്റം വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചൂണ്ടിക്കാട്ടിയെങ്കിലും അത് അംഗീകരിക്കാൻ പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ തയാറാകാത്തതിനെ തുടർന്നാണ് ഷേക്ക് പി.ഹാരിസ് പാർട്ടിയുമായി ഇടയുന്നത്.

സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യം പലതവണ ഉന്നയിച്ചിട്ടും സംസ്ഥാന പ്രസിഡന്റ് തയാറായില്ലെന്നും ദേശീയ നേതൃത്വത്തെ സമീപിച്ചിട്ടും അനുയോജ്യ രീതിയിലുള്ള ഇടപെടലുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംസ്ഥാന ഭാരവാഹികളിൽ ചിലരെ പ്രസിഡന്റ് മാറ്റുകയും ചിലരെ പുതുതായി നിയമിക്കുകയും ചെയ്തതോടെ തർക്കം രൂക്ഷമാകുകയും ഷേക്ക് പി.ഹാരിസ് രാജിവയ്ക്കുകയുമായിരുന്നു.