09 May 2024 Thursday

കൊവിഡ് മൂന്നാം തരം​ഗം; സംസ്ഥാനത്ത് രോഗ വ്യാപനത്തോത് നന്നായി കുറയുന്നുവെന്ന് ആരോഗ്യമന്ത്രി

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) മൂന്നാം തരംഗം തീവ്രത കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോ​ഗവ്യാപനത്തോത് നന്നായി കുറയുന്നിട്ടുണ്ട്. രോ​ഗവ്യാപന നിരക്ക് 10% ആയി കുറഞ്ഞുവെന്നു ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്നും വീണാ ജോർജ് പറഞ്ഞു. കൃത്യമായ ആസൂത്രണം നടത്തിയാണ് കേരളത്തിന്റെ പ്രതിരോധം. കൊവിഡ് ടിപിആർ ഉയർന്ന് നിന്നത്, രോഗം ഉള്ളവരെ മാത്രം പരിശോധിച്ചത് കൊണ്ടാണ്. എത്ര സംസ്ഥാനങ്ങളുടെ കേസ് ഫറ്റാലിറ്റി നിരക്ക് (മരണനിരക്ക്) സുപ്രീംകോടതി മാനദണ്ഡങ്ങൾ മാറ്റിയ ശേഷം കൂടിയിട്ടുണ്ടെന്നും ആരോ​ഗ്യമന്ത്രി ചോദിച്ചു. കേരളം സുതാര്യമായാണ് എല്ലാം ചെയ്തത്. ഇക്കാര്യത്തിൽ സുപ്രീം കോടതി കേരളത്തെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവരങ്ങളും സുതാര്യമാണ്. ഓരോ സംസ്ഥാനത്തിന്റെയും മരണനിരക്ക് പരിശോധിക്കണം എന്ന കാര്യം കേരളം ആരോഗ്യമന്ത്രിയുടെ യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൊവിഡ് മരണ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും  വീണാ ജോർജ് കൂട്ടിച്ചേർത്തു.