09 May 2024 Thursday

അജികുമാറിനെ കൊന്നത് ആത്മഹത്യ ചെയ്ത ബിനുരാജ്: പൊലീസിന്റെ നിഗമനം

ckmnews

അജികുമാറിനെ കൊന്നത് ആത്മഹത്യ ചെയ്ത ബിനുരാജ്: പൊലീസിന്റെ നിഗമനം


തിരുവനന്തപുരം∙ കല്ലമ്പലത്ത് പിഡബ്ല്യുഡി ഉദ്യോഗസ്ഥനായ അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിനുരാജ് ആത്മഹത്യ ചെയ്തെങ്കിലും അന്വേഷണം തുടരുമെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും റൂറൽ എസ്പി ദിവ്യ ഗോപിനാഥ് പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥനായ അജികുമാറാണ് ആദ്യം കൊല്ലപ്പെട്ടത്. ഇതേച്ചൊല്ലിയുള്ള തർക്കത്തിൽ സജീവ് കുമാർ‌ സുഹൃത്തായ അജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. അജികുമാറിന്റെ കൊലപാതകത്തിൽ പ്രധാന പങ്കുണ്ടെന്നു കരുതുന്ന ബിനുരാജ് തൊട്ടുപിന്നാലെ ആത്മഹത്യ ചെയ്തു.


അജികുമാറും ബിനുരാജുമായി നേരത്തേ ശത്രുതയുണ്ടായിരുന്നു. അജികുമാറിന്റെ കൊലപാതകം നടക്കുന്ന ദിവസം ഇരുവരുടേയും നേതൃത്വത്തിൽ രണ്ടു സ്ഥലത്തിരുന്നു സംഘങ്ങളായാണ് 16 പേർ മദ്യപിച്ചത്. പിന്നീട് ഇവർ കണ്ടുമുട്ടിയപ്പോഴുള്ള വാക്കേറ്റമാണു കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അജികുമാറിന്റെ മരണശേഷം രാത്രി വീടിന്റെ 150 മീറ്റര്‍ താഴെയായി ഏഴു പേർ മദ്യപിച്ചു. എല്ലാവരും സുഹൃത്തുക്കളായതിനാൽ ആരാണ് അജികുമാറിനെ കൊന്നത് എന്നതിനെച്ചൊല്ലി വിഷമത്തോടെ സംസാരമായി. സജീവ് കുമാറാണ് കൊന്നത് എന്ന് ചിലർ പറഞ്ഞത് വാക്കേറ്റത്തിനിടയാക്കി. സ്ഥലത്തുനിന്ന് ദേഷ്യപ്പെട്ടു പോയ സജീവ് തിരികെയെത്തി വീണ്ടും മദ്യപിച്ചു.

കൊലപാതകത്തെപ്പറ്റി ഓരോ സംശയങ്ങൾ ഓരോ സുഹൃത്തുകൾ പറഞ്ഞു. വീണ്ടും വാക്കേറ്റമുണ്ടായപ്പോൾ സൃഹൃത്തുക്കൾ തന്നെ ഇടപെട്ടു പ്രശ്നം പരിഹരിച്ചു. മദ്യപിച്ചശേഷം ജാക്വലിൻ, പ്രമോദ്, അജിത് എന്നിവർ സ്ഥലത്തുനിന്നു നടന്നുപോകുമ്പോൾ സജീവ് കുമാർ പിക്കപ്പ് വണ്ടി മുന്നോട്ട് എടുത്ത് ഇടിച്ചു വീഴ്ത്തി. അജിത് സംഭവ സ്ഥലത്തുതന്നെ മരിച്ചു. പ്രമോദ് ചികിൽസയിലാണ്. ജാക്വലിനു കാര്യമായ കുഴപ്പമില്ല. കുറ്റം ചെയ്തതായി സജീവ് കുമാർ പൊലീസിനോട് സമ്മതിച്ചു. ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി. കേസിൽ കുടുങ്ങുമെന്ന ഭയത്താലാണ് ബിനുരാജ് ആത്മഹത്യ ചെയ്തതെന്നാണു പൊലീസ് പറയുന്നത്.