09 May 2024 Thursday

ഇനി ‘പൊലീസ്’ ബോർഡില്ലാത്ത വാഹനങ്ങൾ; ഒരു ജില്ലയ്ക്ക് ഒരു വാഹനം

ckmnews

ഇനി ‘പൊലീസ്’ ബോർഡില്ലാത്ത വാഹനങ്ങൾ; ഒരു ജില്ലയ്ക്ക് ഒരു വാഹനം


പോക്സോ കേസുകളിലെ ഇരകളെയും മറ്റു കേസുകളിലെ പ്രായപൂർത്തിയാകാത്തവരെയും വൈദ്യപരിശോധനയ്ക്കും മറ്റും കൊണ്ടുപോകാൻ ‘പൊലീസ്’ ബോർഡില്ലാത്ത വാഹനങ്ങൾ വരുന്നു. ഇത്തരം ആവശ്യങ്ങൾക്ക് പൊലീസ് വാഹനം ഉപയോഗിക്കരുതെന്നു നിയമമുള്ളതിനാലാണ് പുതിയ സംവിധാനം.


ഒരു ജില്ലയ്ക്ക് ഒരു വാഹനമാണ് അനുവദിക്കുന്നത്. ഇതിനായി വാഹനങ്ങൾ വാങ്ങിക്കഴിഞ്ഞു. റജിസ്ട്രേഷൻ പൂർത്തിയാക്കി ജില്ലകള്‍ക്കു നൽകും. പോക്സോ കേസുകള്‍ വർധിച്ചു വരുന്നതിനാൽ സ്വകാര്യ വാഹനം പോലെ ഉപയോഗിക്കാവുന്നവ എല്ലാ പൊലീസ് സബ്ഡിവിഷനിലും നൽകണമെന്ന ആവശ്യം നേരത്തെ പൊലീസ് സ്റ്റാഫ് കൗൺസിൽ യോഗത്തിൽ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഉന്നയിച്ചിരുന്നു.

അന്വേഷണച്ചെലവ്: പരിധി ഉയർത്തും

കേസ് അന്വേഷണങ്ങൾക്കായി സംസ്ഥാനത്തിന് അകത്തും പുറത്തും യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വാഹന വാടക ഉൾപ്പെടെയുള്ള ചെലവ് മുഴുവൻ ആഭ്യന്തര വകുപ്പ് വഹിക്കുന്ന വിധത്തിൽ തുക വർധിപ്പിക്കും. ഇതിനായി ഉദ്യോഗസ്ഥരുടെ സാമ്പത്തിക അധികാര പരിധി ഉയർത്താനുള്ള ശുപാർശ സർക്കാരിനു സമർപ്പിച്ചു. 


ഇക്കൊല്ലം മുതൽ ഈ ചെലവ് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തുകയും ചെയ്യും. നീണ്ട യാത്രകൾ ആവശ്യമായ അന്വേഷണങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുണ്ട്. വാഹന വാടകയും യാത്രയുടെ ഭാഗമായ മറ്റു ചെലവുകളും വഹിക്കാൻ നിലവിൽ സംവിധാനമില്ല. വാഹന വാടക ഉൾപ്പെടെയുള്ള ചെലവുകൾ വകുപ്പ് വഹിക്കണമെന്ന് സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ഓഫിസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

മാവോയിസ്റ്റ് മേഖലകളിൽ എല്ലാവർക്കും അലവൻസ്

മാവോയിസ്റ്റ് മേഖലകളിലെ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക അലവൻസ് എല്ലാവർക്കും കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. പ്രത്യേക അലവൻസ് അനുവദിച്ച സർക്കാർ ഉത്തരവിൽ ഉദ്യോഗസ്ഥരുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നതിനാൽ സ്റ്റേഷനുകളിലെ ഡ്രൈവർമാർക്കും രഹസ്യാന്വേഷണ വിഭാഗത്തിനും ഇതു ലഭിക്കുന്നില്ലെന്നാണ് പരാതി.

സ്റ്റാഫ് കൗൺസിൽ തീരുമാന പ്രകാരം ഇവരെയും ഉൾപ്പെടുത്തണമെന്ന് അഭ്യർഥിച്ച് അധികൃതർ സർക്കാരിനു കത്തു നൽകിയിട്ടുണ്ട്. അലവൻസ് അർഹതയുള്ളവർക്കു മാത്രം നൽകാനും പരാതികൾ ഒഴിവാക്കാനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.