09 May 2024 Thursday

രാത്രികാലങ്ങളില്‍ ആവശ്യപ്പെടുന്നിടത്ത് വണ്ടി നിർത്തണമെന്ന കെഎസ്ആർടിസി ഉത്തരവിൽ ഭേ​ദ​ഗതി

ckmnews

തിരുവനന്തപുരം: രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ  സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവ്വിസുകളും  നിർത്തുമെന്നുള്ള കെഎസ്ആർടിസി ഉത്തരവിൽ ഭേദ​ഗതി. ഏതാണ്ട് 200 ൽ താഴെ വരുന്ന ദീർഘ ദൂര സർവീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരി​ഗണിച്ച് സൂപ്പർ ഫാസ്റ്റുമുതൽ താഴേക്കുള്ള  ബാക്കി എല്ലാ വിഭാഗം സർവീസുകളിൽ മാത്രം ഇത് നടപ്പിലാക്കുവാൻ കെഎസ്ആർടിസി തീരുമാനിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു. 


സൂപ്പർ ക്ലാസ് ദീർഘദൂര മൾട്ടി ആക്സിൽ എ.സി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നതിൽ പ്രായോ​ഗി​കമായി ബുദ്ധിമുട്ടുള്ളതും മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇത് കടുത്ത അസൗകര്യമാണെന്നുള്ള പരാതിയും ഉയർന്ന് വന്നതിനെ തുടർന്നാണ് തീരുമാനം. 14 മണിക്കൂറിൽ അധികം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇടയ്ക്കിടയ്ക്ക് സ്റ്റോപ്പിൽ അല്ലാതെ നിർത്തുന്നത് ബുദ്ധിമുട്ട് ആകുന്നുവെന്നത് പരി​ഗണിച്ചാണ് നടപടി. 


ഇത്തരം സൂപ്പർ ക്ലാസ് ബസ്സുകൾ ആകെ ബസ്സുകളുടെ 5 ശതമാനത്തിൽ താഴെ മാത്രമാണ്. ബാക്കി 95% ബസുകളിലും സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിയുള്ളവരും രാത്രി 8 മണിക്കും രാവിലെ 6 മണിക്കും മധ്യേ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ  ബസ്സുകൾ നിർത്തി നൽകുകയും ചെയ്യുന്നതാണെന്ന് കെഎസ്ആർടിസി എംഡി പത്രക്കുറിപ്പിലൂടെ അറിയിച്ചു. സൂപ്പർ ഫാസ്റ്റ് ശ്രേണിക്ക് മുകളിലോട്ടുള്ള ബസുകൾക്ക് രാത്രി നിർത്തണമെന്ന ഉത്തരവ് ബാധകമല്ലെന്ന് വ്യക്തത വരുത്തി കെഎസ്ആർടിസി ഉത്തരവ് ഇറക്കി.