09 May 2024 Thursday

ആരെയും കുടിയിറക്കില്ല’: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയത് ന്യായീകരിച്ച് റവന്യുമന്ത്രി

ckmnews

ആരെയും കുടിയിറക്കില്ല’: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയത് ന്യായീകരിച്ച് റവന്യുമന്ത്രി


തിരുവനന്തപുരം ∙ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയതിനെ ന്യായീകരിച്ച് റവന്യൂമന്ത്രി കെ.രാജൻ. നടപടികൾ 2019 ഓഗസ്റ്റിലെ മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നുള്ളതാണ്. പട്ടയം റദ്ദാക്കുമ്പോള്‍ ആരെയും കുടിയിറക്കില്ല. അനുവദിച്ചതില്‍ ചട്ടലംഘനമുള്ളതിനാലാണ് എല്ലാ പട്ടയങ്ങളും റദ്ദാക്കുന്നത്. അര്‍ഹരായവര്‍ക്കു പട്ടയം നല്‍കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഒരാളെയും കുടിയിറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. രണ്ടു മാസത്തിനകം പുതിയ പട്ടയം നൽകുമെന്നും മന്ത്രി പറഞ്ഞു.


വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കാനും ഇതിൽ അർഹരായവർക്ക് 2 മാസത്തിനകം പുതിയ പട്ടയം അനുവദിക്കാനുമാണു സർക്കാർ തീരുമാനം. ഇടുക്കി ദേവികുളം താലൂക്കിൽ 1999ൽ അഡീഷനൽ തഹസിൽദാരുടെ ചുമതല വഹിച്ചിരുന്ന എം.ഐ.രവീന്ദ്രൻ എന്ന ഡപ്യൂട്ടി തഹസിൽദാർ വ്യാപകമായി അനധികൃത പട്ടയങ്ങൾ അനുവദിച്ചതു കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ദേവികുളം താലൂക്കിലെ വിവിധ വില്ലേജുകളിലായി 530 ലേറെ പട്ടയങ്ങൾ രവീന്ദ്രൻ അനുവദിച്ചിട്ടുണ്ടെന്നു സ്ഥിരീകരിച്ചു.