09 May 2024 Thursday

കെഎസ്ആർടിസിയിൽ 150 ജീവനക്കാർക്ക് കോവിഡ്; ആറു സർവീസുകൾ റദ്ദാക്കി

ckmnews


തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 150 ജീവനക്കാർക്ക് കോവിഡ്. ആറു സർവീസുകൾ റദ്ദാക്കി. കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടിവരുമെന്നാണ് വിവിധ ഡിപ്പോ മാനേജർമാരുടെ മുന്നറിയിപ്പ്. എന്നാൽ പ്രതിസന്ധിയില്ലെന്നും ചില ജീവനക്കാർ വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം.

കഴിഞ്ഞ രണ്ട് ദിവസമായി കെഎസ്ആർടിസിയിൽ കോവിഡ് രൂക്ഷമായി പരടരുകയാണ്. തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് ഡിപ്പോകളിലാണ് സ്ഥിതി ഗുരുതരം. തലസ്ഥാനത്ത് സിറ്റി ഡിപ്പോയിൽ മാത്രം 30 പേർക്കാണ് കോവിഡ് ബാധിച്ചത്. ജില്ലയിലാകെ 80 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏറണാകുളം, കോഴിക്കോട് ഡിപ്പോകളിൽ 15 പേർക്ക് വിതം കോവിഡ് സ്ഥിരികരിച്ചു.

പമ്പ സ്പെഷ്യൽ സർവീസുകൾക്കായി ജീവനക്കാർ പോയതോടെ പകരം ജീവനക്കാരെ കൊണ്ടുവരാനും കഴിയാത്ത സ്ഥിതിയിലാണ്. ഗുരുവായൂരിൽ മൂന്ന് സർവ്വീസും എറണാകുളത്ത് രണ്ടും തിരുവനന്തപുരത്ത് ഒരു സർവ്വിസുമാണ് മുടങ്ങിയത്. ബന്ധുക്കൾക്ക് കോവിഡ് കാരണം നീരീക്ഷണത്തിൽ പോയ ഉദ്യോഗസ്ഥർ വേറെയുമുണ്ട്. 

സ്ഥിതി രൂക്ഷമാകുമ്പോഴും പ്രതിസന്ധിയില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ കെഎസ്ആർടിസിയുടെ സ്ഥിതി ഗുരുതരമല്ലെന്നാണ് മന്ത്രി പറയുന്നത്. നിലവിൽ ബസ്സിൽ കൂടുതൽ നിയന്ത്രണം ഉദ്ദേശിക്കുന്നില്ല. പൊതുഗതാഗതമെന്ന നിലയിൽ നിയന്ത്രണമുണ്ടെങ്കിലും ആളുകൾ കയറുന്നത് നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം