09 May 2024 Thursday

പത്ത് ദിവസം കൊണ്ട് നാലിരട്ടി വർധന;അതീവ ജാഗ്രത തുടരണം; തൃശൂർ, കോഴിക്കോട്, വയനാട്. എറണാകുളം ജില്ലകളിൽ കർശന നിയന്ത്രണം

ckmnews

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  . കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്മസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കൊവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കൊവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കൊവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ ശരിയായവിധം എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കർശന നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തൃശൂർ, കോഴിക്കോട്, വയനാട്. എറണാകുളം അടക്കമുള്ള ജില്ലകൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. തൃശൂരിൽ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയതിനാൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചുട്ടുണ്ട്.ജില്ലയിൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ല. എല്ലാതരം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും ഒഴിവാക്കണം. ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ കളകടർ അറിയിച്ചു.


കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ, സ്പാ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം രണ്ടാഴ്ചത്തേക്ക് വിലക്കിയതായി ജില്ലാ കളകടർ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകി. കളക്ടറുടെ ചേംബറിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായതിനാൽ എല്ലാ പൊതുപരിപാടികളും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. മതപരമായ പരിപാടികൾക്കും ഇത് ബാധകമാണ്.എല്ലാ സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളും ഓൺലൈൻ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താൻ പാടുള്ളു എന്നാണ് നിർദ്ദേശം. ബീച്ചുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവാഹം നിയന്ത്രിക്കുന്നതിനും ഹോട്ടലുകളിലും മാളുകളിലുമുള്ള പൊതുജനങ്ങളുടെ കൂടിച്ചേരൽ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.


ടിപിആർ 35 കടന്നതോടെ എറണാകുളത്ത് കൊവിഡ് നിയന്ത്രണങ്ങൾ ജില്ലഭരണകൂടം കർശനമാക്കിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ മന്ത്രി പി.രാജീവിൻറെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഷോപ്പിംഗ് മാളുകളിലെ പ്രവേശനത്തിനും നിയന്ത്രണം കർശനമാക്കി.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകളില്‍ ഏകദേശം 60,161 വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍ 160 ശതമാനവും, ആശുപത്രികളിലെ രോഗികള്‍ 41 ശതമാനവും, ഫീല്‍ഡ് ആശുപത്രികളിലെ രോഗികള്‍ 90 ശതമാനവും, ഐസിയുവിലെ രോഗികള്‍ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികള്‍ 6 ശതമാനവും, ഓക്‌സിജന്‍ കിടക്കകളിലെ രോഗികള്‍ 30 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. പ്രായമായവര്‍ക്കും മറ്റനുബന്ധ രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ പെട്ടന്ന് ഗുരുതരമാകാന്‍ സാധ്യതയുണ്ട്. രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നാല്‍ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും ഗുരുതാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും മരണങ്ങളും അധികമായുണ്ടായേക്കാം. ഇത് ആശുപത്രി സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കും. അതിനാല്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.


പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായതിനാല്‍ ജനാലുകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവര്‍ ഒരിക്കലും മാസ്‌ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.