26 April 2024 Friday

വയനാട്ടിലെ ലഹരിമരുന്ന് പാർട്ടി; കൂടുതൽ ഗുണ്ടകളുണ്ടോയെന്ന് അന്വേഷിക്കും

ckmnews

വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ലഹരിമരുന്ന് പാര്‍ട്ടിയില്‍ കൂടുതല്‍ ഗുണ്ടാനേതാക്കള്‍ പങ്കെടുത്തിരുന്നോ എന്ന അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംസ്ഥാനത്തെ പല പ്രധാന കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരെ ആഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒത്തുകൂടലിന് പിന്നില്‍ ആസൂത്രിത അജന്‍ഡകളുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട കേസുകളിലെ പ്രതികളെ മാരക ലഹരിമരുന്ന് വിളമ്പിയ ആഘോഷത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചിലര്‍ അംഗരക്ഷകരെയും കൂട്ടാളികളെയും സ്ഥലത്തേയ്ക്ക് അയച്ചു. റിസോര്‍ട്ടില്‍ പൊലീസ് പരിശോധന നടക്കുന്നതിനിടെ ചിലര്‍ ഇറങ്ങിയോടിയെന്നാണ് വിവരം. ഇത്തരം കാര്യങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കുകയാണ്. 

നിലവില്‍ പിടിയിലായവരില്‍ കിര്‍മാണി മനോജാണ് അറിയപ്പെടുന്ന കുറ്റവാളി. മുന്‍പ് പല കുറ്റകൃത്യങ്ങളില്‍ പ്രതിയാക്കപ്പെട്ടവര്‍ ഒത്തുകൂടിയതില്‍ അസ്വഭാവികതയുണ്ടോയെന്ന പരിശോധന ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജില്ലിയില്‍ സമീപ ദിവസങ്ങളില്‍ നടന്നിട്ടുള്ള സമാന കുറ്റകൃത്യങ്ങളുടെ വിവരം പൊലീസ് ശേഖരിക്കുന്നുണ്ട്. മാനന്തവാടി പൊലീസില്‍ ഉള്‍പ്പടെ ലഭിച്ച ഗുണ്ടാ ആക്രമണപരാതികള്‍ ഈ വിധത്തില്‍ പൊലീസ് പരിശോധിക്കുകയാണ്. പടിഞ്ഞാറത്തറ ലഹരിപ്പാര്‍ട്ടിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ രാത്രികാല പട്രോളിങ്ങും പരിശോധനയും കര്‍ശനമാക്കാനാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശം.