26 April 2024 Friday

ഷാൻ കൊലക്കേസ് പ്രതികളുടെ കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ

ckmnews



ആലപ്പുഴ: എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വാഹനമിടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച കാർ (Car) കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്. ഇന്നലെ മുതൽ സംശയാസ്പദമായ നിലയിൽ കാർ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാരാരിക്കുളം പൊലീസ് സംഘമെത്തി കാർ പരിശോധിച്ച് പ്രതികളുടേതെന്ന് സ്ഥിരീകരിച്ചു.


അതേ സമയം എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദ്, രതീഷ്  എന്നിവരാണ് അറസ്റ്റിലായത്. കൊലക്കേസിലെമുഖ്യ ആസൂത്രകരാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. ആർഎസ്എസ് പ്രവർത്തകനായ പ്രസാദാണ് കൊലപാതകത്തിന്റെ  മുഖ്യആസൂത്രകൻ. കൊലപാതകത്തിനുള്ള പ്ലാൻ തയ്യാറാക്കിയതും ആളുകളെ ഏകോപിപ്പിച്ചതും വണ്ടി സംഘടിപ്പിച്ചതും പ്രസാദാണ്. ഷാൻ വധക്കേസിൽ പത്ത് പേരുടെ പങ്കാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇവരിൽ എട്ടുപേരാണ് ഇനി പിടിയിലാകാനുള്ളത്. ഇതു കൂടാതെ ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിച്ചു വരികയാണ്.