26 April 2024 Friday

വിവാഹവാര്‍ഷികാഘോഷത്തിനിടെ സംഘര്‍ഷം; കായംകുളത്ത് യുവാവ് കൊല്ലപ്പെട്ടു

ckmnews

കായംകുളം: പുതപ്പള്ളി സ്‌നേഹജാലം കോളനിയില്‍ വിവാഹവാര്‍ഷികാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവു കൊല്ലപ്പെട്ടു. പുതുപ്പള്ളി മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന്‍ (39) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തുകൂടിയായ ജോമോന്‍ എന്നയാളെ കായംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണു സംഭവം. 


ജോമോന്റെ വിവാഹവാര്‍ഷികാഘോഷം ഭാര്യവീട്ടില്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ജോമോന്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ചതുചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഹരികൃഷ്ണനുമായി വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായതെന്ന് പോലീസ് പറഞ്ഞു.


കുത്തേറ്റ ഹരികൃഷ്ണനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കായംകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ജോമോനെ ചോദ്യം ചെയ്തുവരികയാണെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകൂയെന്നും പോലീസ് പറഞ്ഞു.