27 April 2024 Saturday

ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷക്കെത്തിയ കുടുംബത്തെ സന്ദര്‍ശിച്ച് ന്ദിയറിയിച്ച് എംഎ യൂസഫലി

ckmnews

എറണാകുളം: ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത കുമ്പളം സ്വദേശി എവി ബിജിക്ക് നന്ദിയറിച്ച് എംഎ യൂസഫലി  വീട്ടിലെത്തി. ഏപ്രില്‍ 11 നായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് ആശുപത്രിയിലെത്തിക്കും മുമ്പ് പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയായിരുന്നു. വനിതാ പൊലീസ് ഓഫീസര്‍ കൂടിയാണ് ബിജി. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത ബിജിയെ കേരളാ പൊലീസും ആദരിച്ചിരുന്നു. 


ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയർ സിവില്‍ പൊലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിന് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കിയിരുന്നു. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ കാരണം ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.  പനങ്ങാട് ഫിഷറീസ് കോളേജ് ഗ്രൗണ്ടിൽ ആയിരുന്നു ഹെലികോപ്ടർ ഇറങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ  ലാൻഡിംഗിന് നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ഹെലികോപ്ടറിന് സാങ്കേതിക തകരാർ സംഭവിച്ചത്. ഇതോടെ പനങ്ങാട് പൊലീസ് സ്റ്റേഷനോട് ചേർന്ന് നിൽക്കുന്ന ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു. ഹെലികോപ്ടർ പതിക്കുമ്പോൾ ചാറ്റൽ മഴയുമുണ്ടായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഹെലികോപ്ടറിൻ്റെ പ്രധാന ഭാഗം ചതുപ്പിൽ ആഴ്ന്ന് പോയി. യൂസഫലിയേയും ഭാര്യയേയും ഹെലികോപ്ടറിൻ്റെ വിൻഡോ ഗ്ലാസ് നീക്കിയായിരുന്നു പൈലറ്റ് പുറത്തിറക്കിയത്.